പാലോട്: സര്‍ക്കാരിന്റെ വിവിധ ഫണ്ടുകളുപയോഗിച്ച് പാലോട് നിർമിച്ച കെഎസ്ആര്‍ടിസി ബസ് ഡിപ്പോയുടെ കെട്ടിടങ്ങള്‍ കാടുകയറുന്നു. ഒരു കെട്ടിടത്തിന്റെ പാകുതിഭാഗം ഇടിഞ്ഞു വീണു. രണ്ടെണ്ണം കാടുമൂടി.
ഗ്യാരേജിന്റെ ഭാഗം തമിഴ്നാട്ടിലെ സിമന്റ് ലോറികളുടെ പാര്‍ക്കിംഗ് കേന്ദ്രമായി. വര്‍ക്ക് ഷോപ്പിനകമാകട്ടേ സമൂഹവിരുദ്ധരുടെ താവളവും. കഴിഞ്ഞ ഏഴ് വര്‍ഷമായി അടഞ്ഞുകിടക്കുന്ന കെഎസ്ആര്‍ടിസി ബസ് ഡിപ്പോ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയാതെ പോയതാണ് നാശത്തിനു കാരണം.
നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകള്‍ തമ്മിലുള്ള തര്‍ക്കം കോടതി കയറിയപ്പോഴാണ് നേരത്ത ആശുപത്രി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിപ്പോ പുതിയസ്ഥലത്തേക്ക് മാറ്റിയത്.
തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും ശേഷം മാറ്റിയ ഡിപ്പോയുടെ തുടര്‍ന്നുള്ള സംരക്ഷണം നടക്കാതെ പോയി. രണ്ടര എക്കര്സ്ഥലമാണ് അന്യാധീനപ്പെട്ടു പോകുന്നത്. ഡപ്പോയുടെ അകത്തുകൂടി സബ് രജിസ്റ്റാര്‍ ഓഫീസിലേക്കുള്പ്പടെ പല റോഡുകളും വന്നു.
സംരക്ഷണ ഭിത്തിയോ മതിലെ ഇല്ലാത്തതിനാല്‍ ഭൂമിയും കൈയേറ്റ ഭീഷണിയിലാണ്. വാമനപുരം ആറിനോടു ചേര്‍ന്നുള്ള ഭാഗം വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടു തുടങ്ങി. കെട്ടിടങ്ങള്‍ അടിയന്തിരമായി സംരക്ഷിക്കാനുള്ള നടപടികള്‍ കെഎസ്ആര്‍ടിസിയോ, ഗ്രാമപഞ്ചായത്തോ സ്വീകരിക്കാത്ത പക്ഷം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനം കൂടി കൂപ്പുകുത്തും.