ആയൂര്‍: സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു. പൂയപ്പള്ളി പഞ്ചായത്തിലെ കൊട്ടറ ഒന്നാം വാര്‍ഡിലാണ് സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ വളര്‍ന്നു നില്ക്കുന്ന വലിയ കാടുകള്‍ ജനജീവിതം ദുസഹമാക്കിയിരിക്കുന്നത്.
ഒരാള്പൊക്കത്തിലധികം കാട് വളര്‍ന്നതോടെ ഇവിടം ഇപ്പോള്‍ കാട്ടുപന്നി, ഇഴജന്തുക്കള്‍, തെരുവ് നായകള്‍ എന്നിവയുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. കാട് മൂടിയതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ മാലിന്യ നിക്ഷേപവും ഇവിടെയാണ്.
നിരവധി കുടുംബങ്ങള്‍ക്കുള്ള സഞ്ചാര പാതയ്ക്ക് സമീപമാണ് ഇത്തരത്തിലെ ദുസ്ഥിതി. പലതവണ വസ്തു ഉടമകളോട് ആവശ്യപ്പെട്ടിട്ടും കാട് വെട്ടിമാറ്റാന്‍ അവർ തയാറായിട്ടില്ല.ഇതിനെ തുടര്‍ന്ന് പൂയപ്പള്ളി പഞ്ചായത്തിലും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതിനും നാളിതുവരെ നടപടിയില്ല. തെരുവ് നായകളുടെ ശല്യത്തില്‍ ഭയന്നാണ് സമീപത്തെ സ്കൂളിലേക്ക് കുട്ടികള്‍ പോകുന്നത്.ഈ വസ്തുവിന് സമീപം തമാസിക്കുന്ന ഷാജു നിവാസില്‍ ഷിജുവിന്റെ വീട്ടില്‍ എട്ടിലധികം തവണയാണ് പാമ്പ് കയറിയത്.
ഇക്കഴിഞ്ഞ ദിവസം അണലി ഇനത്തില്‍പ്പെട്ട പാമ്പ് വീട്ടിലെത്തി. പാമ്പിനെ കണ്ടു ഭയന്ന ഷിജുവിന്റെ ആറുവയസുകാരിയായ മകളെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചു.
വസ്തുഉടമയോട് ആവശ്യപ്പെട്ടിട്ടും കാട് വെട്ടിമാറ്റാന്‍ തയാറായില്ലെങ്കില്‍ പഞ്ചായത്തിന് നിയമ നടപടി സ്വീകരിക്കാം എന്നിരിക്കെ യാതിൊരുവിധ നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ് ഇപ്പോള്‍.
അതേസമയം ഭൂഉടമ സ്ഥലത്ത് ഇല്ലെന്നും, ഇയാളുടെ ബന്ധുക്കളോട് കാട് വെട്ടിമാറ്റി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. പോലീസില്‍ അടക്കം പരാതി നല്‍കിയിട്ടുണ്ട്. കാട് വെട്ടിമാറ്റി അപകടാവസ്ഥ മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു