തൃശൂർ: കാടെന്നാൽ കാടുമാത്രമല്ല വൈവിധ്യങ്ങളുടെ നിറച്ചാർത്താണെന്നു തെളിയിക്കുകയാണിവിടെ ഒരൂകൂട്ടം ഫോട്ടോഗ്രാഫർമാർ. ബാങ്കിംഗ്, ഐടി, എൻജിനീയറിംഗ്, പ്രഫഷണൽ ഫോട്ടോഗ്രഫി, ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ നിന്നെത്തിയ പതിനൊന്നുപേരുടെയും ഇഷ്ടം പ്രകൃതി, വന്യജീവി എന്നാകുന്പോൾ ബയോം ഫോട്ടോപ്രദർശനം സമ്മാനിക്കുന്നത് വന്യതയുടെ സൗന്ദര്യം.
പശ്ചിമഘട്ടത്തിലെ വന്യജീവികളുടെ ചിത്രങ്ങൾ കോർത്തിണക്കി കേരളത്തിലെ പതിനൊന്നോളം ഫോട്ടോഗ്രാഫർമാരുടെ എക്സിബിഷനാണ് തുടക്കമായത്. ഈ ജൈവ വൈവിധ്യത്തെ ചിത്രീകരിച്ചുകൊണ്ടുള്ള പ്രദർശനത്തിലൂടെ പശ്ചിമഘട്ടത്തിന്റെ സംരക്ഷണ പ്രാധാന്യത്തെകുറിച്ച് വളർന്നുവരുന്ന തലമുറയേയും മുതിർന്നവരെയും ബോധവാന്മാരാക്കുക എന്നതാണ് എക്സിബിഷനിലൂടെ ലക്ഷ്യമിടുന്നത്.
ഫോട്ടോകളുടെ വില്പനയിൽനിന്നു ലഭിക്കുന്ന തുക അടുത്തിടെ മരണപ്പെട്ട പ്രകൃതിനിരീക്ഷകൻ ബൈജു കെ. വാസുദേവിന്റെ കുടുംബത്തിനു കൈമാറുവാനാണ് ബയോം സംഘാടകരുടെ തീരുമാനം. ആദ്യ ദിനം തന്നെ മൂന്നു ചിത്രങ്ങളുടെ വില്പന നടന്നു. മൃദുല മുരളി, അഭിലാഷ് രവീന്ദ്രൻ, അരുണ്‍ വിജയകുമാർ, പി.വി. മുരളിമോഹൻ, പി.കെ. മുഹമ്മദ് സയീർ, സലീഷ് മേനാച്ചേരി, സന്ദീപ് ദാസ്, കെ. ശശികിരണ്‍, ശ്രീദേവ് പുതൂർ, സുജിത്ത് സുരേന്ദ്രൻ, വിനോദ് വേണുഗോപാൽ എന്നിവരുടെ ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്.
നാലുനാൾ നീണ്ടുനില്‍ക്കുന്ന ജൈവവൈവിധ്യ ഫോട്ടോ പ്രദർശനത്തിനാണ് ലളിതകല അക്കാദമി ഹാളിൽ തുടക്കമായത്. വനംവകുപ്പിൽ അസിസ്റ്റന്റ് കണ്‍സർവേറ്ററും പ്രകൃതി ഡോക്യുമെന്ററികളുടെ സംവിധായകനുമായ പി.എം. പ്രഭു ഉദ്ഘാടനം ചെയ്തു. നേച്ചർ ഫോട്ടോഗ്രാഫർ പ്രവീണ്‍ പി.മോഹൻദാസ്, നിക്കോണ്‍ ഇന്ത്യ പ്രതിനിധി എൻ. രാജശേഖർ എന്നിവർ പ്രസംഗിച്ചു.