പത്തനംതിട്ട: തിരുവല്ല വള്ളംകുളത്തെ വീടുകൾക്കും സ്വത്തിനും ഭീഷണിയാകുന്ന വൃക്ഷങ്ങളും കാടുകളും വെട്ടിമാറ്റി ഇഴജന്തുക്കളുടെ ആക്രമണം തടയാൻ വസ്തു ഉടമ തയാറാകുന്നില്ലെങ്കിൽ വില്ലേജ് ഓഫീസർ നടപടിയെടുക്കണമെന്നും ഇതിന് ചെലവാകുന്ന തുക നിയമാനുസരണം ഉടമയിൽ നിന്ന് ഈടാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി.
പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനേ തുടർന്നാണ് വള്ളംകുളം സ്വദേശികളായ എസ്.കെ. പ്രസന്നകുമാറും ജൂബി ആർ. വർഗീസും കമ്മീഷനെ സമീപിച്ചത്.തിരുവല്ല സബ് കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിക്കു സമീപമുള്ള സ്ഥലം കാടുമൂടി ക്കിടക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജൂബി ആർ. വർഗീസിന്റെ കിണറിലേക്ക് വൃക്ഷങ്ങളുടെ ഇലയും പൂവും കായയും വീണ് മലിനമാകുന്നതായും പരാതിക്കാരൻ അറിയിച്ചു. എന്നാൽ, കാടു നീക്കം ചെയ്യാൻ എതിർകക്ഷിക്ക് സാമ്പത്തിക സ്ഥിതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ കൃത്യമായി കാടുവെട്ടിത്തെളിക്കുക എന്നത് വസ്തു ഉടമയുടെ ബാധ്യതയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
വസ്തു ഉടമ ഇക്കാര്യം നിശ്ചിത സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ തിരുവല്ല സബ് കളക്ടർ വില്ലേജ് ഓഫീസർ മുഖേന കാടുകൾ വൃത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ വീടിനു ഭീഷണിയായി നിൽക്കുന്ന മരം മുറിച്ച് മാറ്റുകയോ ഉചിതമായ മറ്റ് മാർഗങ്ങൾ തേടുകയോ ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇലകളും അവശിഷ്ടങ്ങളും വീണ് കിണർ വെള്ളം മലിനമാകുന്നത് പരിഹരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.