പനമരം: ചൊവ്വാഴ്ച രാവിലെ ആറോടെ ആറുമൊട്ടംകുന്നിൽ വൃദ്ധകർഷകൻ കാളിയാർ രാഘവനെ(75) കൊലപ്പെടുത്തിയശേഷം കൈതയ്ക്കൽ മുസ്ലിം പള്ളിക്കു സമീപം തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടുകൊന്പൻ വനത്തിലേക്കു മടങ്ങി. ഇതു നാട്ടുകാർക്കും വനം, പോലീസ് സേനാംഗങ്ങൾക്കും ആശ്വാസമായി. ആനയെ മയക്കുവെടിവച്ച് പിടിച്ച് കൂട്ടിലാക്കുകയോ ഉൾവനത്തിൽ വിടുകയോ ചെയ്യേണ്ടിവരുമെന്ന ആശങ്കയിലായിരുന്നു വനപാലകരും പോലീസും.
മുത്തങ്ങ ആനക്യാന്പിൽനിന്നെത്തിച്ച നീലകണ്ഠൻ, സൂര്യ എന്നീ കുംകിയാനകളെ ഉപയോഗപ്പെടുത്തി വനം-പോലീസ് സേന വൈകുന്നേരം അഞ്ചരയോടെ ആരംഭിച്ച ശ്രമത്തിനൊടുവിലാണ് കൊന്പൻ കാടുകയറിയത്. തോട്ടത്തിൽനിന്നു ഏകദേശം പത്തു കിലോമീറ്റർ അകലെ അമ്മാനി വനത്തിലേക്കുള്ള യാത്രക്കിടെ കൊന്പൻ കണ്ണാടിമുക്ക് കാട്ടറപ്പള്ളി അങ്കണവാടിയുടെ മുൻഭാഗവും തകർത്തു.
ജനവാസ കേന്ദ്രത്തിൽ ആനയിറങ്ങി കർഷകനെ കൊലപ്പെടുത്തിയതറിഞ്ഞു രാവിലെ തന്നെ എഡിഎം കെ. അജീഷ്, സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ഡിസിആർബി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പോലീസും നോർത്ത് വയനാട് ഡിഎഫ്ഒ ആർ. കീർത്തിയുടെ നേതൃത്വത്തിൽ വനപാലകരും സ്ഥലത്ത് എത്തിയിരുന്നു. ആനയെ തുരത്തുന്നതിനു വനപാലകർ രാവിലെ നടത്തിയ ശ്രമം വിഫലമായി. ദൗത്യത്തിനിടെ ആറു വനപാലർക്കു പരിക്കേറ്റു.
രാഘവന്റെ മരണത്തിൽ കുപിതരായി നാട്ടുകാർ ഹെൽത്ത് സെന്റർ ജംഗ്ഷനിൽ നടത്തിയ പനമരം-മാനന്തവാടി റോഡ് ഉപരോധം ചർച്ചയിലൂടെ അവസാനിപ്പിച്ചശേഷമാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആനയെ തുരത്തുന്നതിലേക്കു പൂർണമായി തിരിഞ്ഞത്.
ആന തോട്ടത്തിൽനിന്നു പുറത്തുചാടുന്നതു ഒഴിവാക്കുന്നതിനു പനമരം-മാനന്തവാടി, കൊയിലേരി-പനമരം, കാപ്പുംചാൽ-ചെറുകാട്ടുർ റോഡുകളിലും വനം-പോലീസ് സേനാംഗങ്ങൾ കാവൽനിന്നു. ആനയെ തുരത്തുന്നതിനുള്ള പ്രവർത്തനം നാട്ടുകാർ സംഘടിതരായി റോഡിലിറങ്ങുന്നതുമൂലം തടസപ്പെടുന്നതു ഒഴിവാക്കുന്നതിനു കൈതയ്ക്കൽ, കാപ്പുംചാൽ, ചെറുകാട്ടൂർ, കൊയിലേരി, കൂളിവയൽ, ആറുമൊട്ടംകുന്ന് എന്നിവിടങ്ങളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വൈകുന്നേരം അഞ്ചരയോടെ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയും കുംകിയാനകളുടെ സേവനം പ്രയോജനപ്പെടുത്തിയുമാണ് കൊന്പനെ തോട്ടത്തിനു വെളിയിലെത്തിച്ചത്. കണ്ണാടിമുക്ക്, കാട്ടറപ്പള്ളി വഴി പരക്കുനി വയലിൽ ഇറങ്ങിയ ആന പനമരം പുഴ മുറിച്ചുകടന്നു പരിയാരം എസ്റ്റേറ്റിൽ കടന്നു. തുടർന്നു പുഞ്ചവയൽ നീർവാരം റോഡ് പിന്നിട്ട് തോട്ടങ്ങളിലൂടെ രാത്രി ഏഴരയോടെയാണ് അമ്മാനി വനത്തിൽ പ്രവേശിച്ചത്. ആന തിരിച്ചെത്താനുള്ള സാധ്യത കണക്കിലെടുത്ത് വനപാലകർ വനാതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. നിരോധാജ്ഞ ഇന്നു പിൻവലിക്കും.