തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ കിണര്‍ വീണ്ടും കാടുകയറി. തളിപ്പറമ്പ് നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ഉപയോഗപ്പെടുത്തിയിരുന്ന കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തെ കിണറാണ് അധികൃതരുടെ അവഗണനയില്‍ വീണ്ടും കാടുകയറിയത്.
കിണറിന്റെ ശോചനീയാവസ്ഥ മനസിലാക്കി കഴിഞ്ഞ വര്‍ഷത്തെ ലോക ജലദിനത്തില്‍ കേരളാ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിണര്‍ ശുചീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരും തിരിഞ്ഞുനോക്കാത്തതിനാല്‍ കിണറും പമ്പ്ഹൗസും വീണ്ടും കാട്മൂടിയിരിക്കയാണ്.
ഒരിക്കലും വറ്റാത്തതും എത്രവെള്ളമെടുത്താലും വെള്ളം കുറയാത്തതുമായ അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കിണര്‍ ഗുണപരമായി ഉപയോഗപ്പെടുത്തിയാല്‍ തളിപ്പറമ്പ് മേഖലയിലെ ജലക്ഷാമം പൂര്‍ണമായി പരിഹരിക്കാനാവും. ജയിംസ്മാത്യു എംഎല്‍എ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന നീര്‍ത്തട സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യം സജീവമായിട്ടുണ്ട്.