
വടക്കഞ്ചേരി: സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ നൂറുക്കണക്കിന് കുടുംബങ്ങൾ ലൈഫ്മിഷൻ പദ്ധതിയിൽ അപേക്ഷ നല്കി വീടിനായി കാത്തിരിക്കുന്പോൾ വണ്ടാഴി പഞ്ചായത്തിലെ അറുതലയിൽ സർക്കാർ ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച 25 വീടുകൾ പൊന്തക്കാട് മൂടി കാണാനാകാത്ത സ്ഥിതിയിൽ.
ലൈഫ്മിഷൻ പദ്ധതിയിലെ അരുതായ്മകൾ കൊടുന്പിരി കൊള്ളുന്നതിനിടെയാണ് ഒരു പതിറ്റാണ്ടിലേറെയായി കാടുകയറി നശിക്കുന്ന ഈ വീടുകൾ ശ്രദ്ധേയമാകുന്നത്. ഭൂരഹിതരായ പട്ടികജാതിക്കാർക്കായി 2008-2009 കാലഘട്ടത്തിൽ നിർമിച്ച് നല്കിയതായിരുന്നു വീടുകൾ.
മൂന്ന് സെന്റ് ഭൂമിയും അതിൽ ഒരു വീടും നിർമിച്ചു നല്കുന്നതായിരുന്നു പദ്ധതി. 28 വീടുകളിൽ മൂന്ന് വീടുകളിൽ മാത്രമാണ് താമസമുള്ളത്. മറ്റു വീടുകളെല്ലാം ടാർപോളിൻ കൊണ്ട് പൊതിഞ്ഞ മട്ടിൽ വള്ളിപടർപ്പുകൾ നിറഞ്ഞു.
വഴിയിൽ നിന്നു നോക്കിയാൽ വീടുകൾ കാണില്ല. അവിടെ താമസിക്കുന്നവരാണ് ഇത്തരത്തിൽ ഈ പൊന്ത ക്കാടിനുള്ളിൽ 25 വീടുകൾ വേറെയുണ്ടെന്ന് പുറമേ നിന്നും വരുന്നവർക്ക് മനസിലാക്കി കൊടുക്കുന്നത്.
വീടുകളുടെ ഒരു ഫോട്ടോയെടുക്കാൻ പോലും കഴിയാത്ത വിധം കാടുമൂടിയിരിക്കുകയാണ്. പാന്പുകളുടെ ശല്യംമൂലം ഇവിടത്തെ താമസക്കാരും ഇപ്പോൾ വലിയ ദുരിതത്തിലാണ്. എവിടെ നോക്കിയാലും പാന്പും മറ്റു ഇഴജന്തുക്കളുമാണ്. വീടിനുള്ളിലും പുറത്തും ഇതുതന്നെയാണ് സ്ഥിതി.
വണ്ടാഴി പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ ഒറ്റപ്പെട്ട സ്ഥലത്താണ് അറുതല കോളനി. റോഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനമൊന്നും ഇവിടെ വന്നിട്ടില്ല. ഇതു കൊണ്ടുതന്നെയാണ് വീട് ലഭിച്ച ഗുണഭോക്താക്കളാരും ഇവിടേക്ക് താമസം മാറാൻ താത്പര്യപ്പെടാത്തതെന്നാണ് പറയുന്നു.
ലക്ഷങ്ങളേറെ മുടക്കി വീടുകൾ നിർമിച്ചപ്പോൾ റോഡ്, വെള്ളം, വെളിച്ചം തുടങ്ങിയവ കൂടി ഉണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നെങ്കിൽ ഈ സ്ഥിതി ഒഴിവാക്കാമായിരുന്നെന്നാണ് കോളനി സന്ദർശിച്ച പഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്ഗ്രസ് അംഗങ്ങൾ പറയുന്നത്.
ആർ.സുരേഷ്, ബെന്നി ജോസഫ്, പി.മുരുകേശൻ, അനിത പ്രദീപ്, രമ്യ പ്രമോദ് എന്നീ മെംബർമാരാണ് കോളനി സന്ദർശിച്ചത്. വീടുനിർമാണങ്ങളിലെ അപാകതകളും അറ്റകുറ്റപണികളുമില്ലാത്തതിനാൽ വീടുകൾ തകർച്ചാഭീഷണിയിലാണ്.
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി ഗുണഭോക്താക്കളെ പാർപ്പിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. വീടുവേണ്ടാത്തവരെ ഒഴിവാക്കി അർഹരായവരെ പരിഗണിക്കണമെന്ന് മെംബർമാർ ആവശ്യപ്പെട്ടു.