കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് പഴമൊഴി. അത് അന്വർഥമാക്കുന്നതായിരുന്നു അൽസാരി ജോസഫ് എന്ന ഇരുപത്തിരണ്ടുകാരന്റെ പ്രകടനം. ഐപിഎൽ ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തോടെ വെസ്റ്റ് ഇൻഡീസ് താരമായ അൽസാരി കളംവാണപ്പോൾ മുംബൈ ഇന്ത്യൻസ് 40 റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി.
3.4 ഓവറിൽ 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫ് ആയിരുന്നു മുംബൈയുടെ വിജയ ശില്പി. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 136 റണ്‍സ് മാത്രമെടുത്ത മുംബൈ 17.4 ഓവറിൽ ഹൈദരാബാദിനെ 96നു ചുരുട്ടിക്കെട്ടുകയായിരുന്നു.
കാതുകുത്തിയ രണ്ട് പേരുടെ കൊഴിഞ്ഞുപോക്കാണ് അൽസാരിയെ മുംബൈയുടെ ഫൈനൽ ഇലവനിലെത്തിച്ചത്. അതോടെ ഐപിഎലിൽ വിൻഡീസ് താരത്തിന് അരങ്ങേറാനുള്ള അവസരമെത്തി. ന്യൂസിലൻഡ് പേസർ ആഡം മിൽന പരിക്കേറ്റ് പുറത്തായതോടെയാണ് അൽസാരി ജോസഫ് മുംബൈ സംഘത്തിലെത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനുശേഷം ശ്രീലങ്കൻ പേസർ ലസിത് മലിംഗയ്ക്ക് ആഭ്യന്തര ഏകദിനത്തിനായി നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു. അതോടെ ഫൈനൽ ഇലവനിൽ ഇടംലഭിച്ചു.
ഐപിഎലിൽ തന്റെ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ജോസഫ് തുടങ്ങിയത്. ടൂർണമെന്റിലെ ടോപ് സ്കോററായ സണ്‍റൈസേഴ്സ് ഓപ്പണർ ഡേവിഡ് വാർണറിന്റെ വിക്കറ്റ് ഇൻസൈഡ് എഡ്ജിലൂടെ തെറിപ്പിച്ചു.
അടുത്ത വരവിൽ വിജയ് ശങ്കറിനെ ഹാർദിക് പാണ്ഡ്യയുടെ കൈകളിലുമെത്തിച്ചു. 16-ാം ഓവർ എറിയാനെത്തിയ ജോസഫ് അടുത്തടുത്ത പന്തുകളിൽ ദീപക് ഹൂഡയെയും റഷീദ് ഖാനെയും പുറത്താക്കി. 18-ാം ഓവറിലെ ഒന്നും നലും പന്തുകളിൽ ഭുവനേശ്വറിനെയും സിദ്ധാർഥ് കൗളിനെയും പുറത്താക്കി ഹൈദരാബാദ് ഇന്നിംഗ്സിനു തിരശീലയിട്ടു. 3.4-1-12-6 എന്നതായിരുന്നു അൽസാരി ജോസഫിന്റെ ബൗളിംഗ് പ്രകടനം.
വിക്കറ്റുകൾ ഞാൻ ആഘോഷിക്കാറില്ല, ജയം മാത്രമാണ് ആഘോഷിക്കുന്നത് – പറയുന്നത് അൽസാരി ജോസഫ്. പറയുന്നതുപോലെ പ്രവർത്തിക്കുന്നവനാണ് ജോസഫ്. യുവതാരത്തിന്റെ അർപണബോധം എത്രമാത്രമുണ്ടെന്ന് രണ്ട് മാസം മുന്‍പ് ലോകം കണ്ടതാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിടെ അമ്മ മരിച്ചവിവരം അറിഞ്ഞിട്ടും ഇടയ്ക്ക് മത്സരം ഉപേക്ഷിക്കാതെ അന്നേദിവസം രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു ഈ താരം.
ഐപിഎലിൽ 10 വർഷം പഴക്കമുള്ള റിക്കാർഡാണ് അൽസാരി തകർത്തത്. ഐപിഎലിൽ എറിഞ്ഞ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് വീഴ്ത്തുന്ന ഏഴാമത് താരമെന്ന നേട്ടവും വിൻഡീസ് യുവതാരം സ്വന്തമാക്കി. മെയ്ഡൻ ഓവറിൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് താരവുമായി. പാറ്റ് കമ്മിൻസ് മാത്രമാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്.
ഹൈദരാബാദ് 96
മുംബൈക്കെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദ് 96 റണ്‍സിനു പുറത്തായപ്പോൾ അത് ഐപിഎലിൽ അവരുടെ ഏറ്റവും ചുരുങ്ങിയ സ്കോർ എന്ന നാണക്കേടായി. 2015ൽ 113 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള ചെറിയ സ്കോർ. അതും മുംബൈ ഇന്ത്യൻസിനെതിരേ ആയിരുന്നു.