സ്വന്തം ലേഖകൻ
തൃശൂർ: ഒറ്റ ദിവസം കൊണ്ട് പതിനായിരം ആസ്വാദകർ. കടുക് എന്ന പേരിൽ തൃശൂർ അതിരൂപതയിലെ മൂന്നു വൈദികർ ചേർന്നൊരുക്കിയ കോമഡി വെബ്സീരിസാണു യൂട്യൂബിൽ ഹിറ്റാകുന്നത്.
ഫാ. ഫിജോ ആലപ്പാടൻ, ഫാ. പ്രതീഷ് കല്ലറയ്ക്കൽ, ഫാ. ഗ്രിജോ വിൻസെന്റ് മുരിങ്ങാത്തേരി എന്നിവരാണു കടുക് എന്ന വെബ് സീരീസിന്റെ അണിയറക്കാർ.
നിത്യജീവിതത്തിലെ അനുഭവങ്ങളുടെ നർമം കലർന്ന അവതരണമാണു കടുക് സീരീസിലെ ഓരോ വീഡിയോയും.
എഴുത്തിലും അവതരണത്തിലും തൃശൂർ ഭാഷയ്ക്കു പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഓരോ വീഡിയോയും ഓരോ സന്ദേശവും മുന്നോട്ടുവയ്ക്കുന്നു.
മീഡിയ കത്തോലിക്ക എന്ന യൂട്യൂബ് ചാനലിൽ എല്ലാ വെള്ളിയാഴ്ചകളിലും കടുകിന്റെ പുതിയ എപ്പിസോഡ് വരും. ഇതുവരെ ഏഴ് എപ്പിസോഡുകൾ പുറത്തിറക്കി.
ഓരോ എപ്പിസോഡുകൾ കഴിയുന്പോഴും ആസ്വാദകരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്ത യുആർ അണ്ടർ അറസ്റ്റ് ട്ടാ എന്ന വീഡിയോ ആണ് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിലധികം പേർ കണ്ടത്.
കടുകിൽ കഥാപാത്രങ്ങളായി എത്തുന്നതും കാമറയും എഡിറ്റിംഗും എല്ലാം നിർവഹിച്ചിരിക്കുന്നതും മൂന്നു പേരും തന്നെയാണ്. സീനിൽ ഇല്ലാത്തയാൾ കാമറ കൈകാര്യം ചെയ്യും.
മൂന്നു പേരും ഒന്നിച്ചു വരുന്ന സീനുകൾ ട്രൈപോഡിന്റെ സഹായത്തോടെയാണു ഷൂട്ട് ചെയ്തിരിക്കുന്നത്. മികച്ച വിഷ്വൽ-ഓഡിയോ ക്വാളിറ്റി ഉള്ളവയാണ് ഓരോ വീഡിയോയും.
മാറിയകാലഘട്ടത്തിലെ സുവിശേഷ പ്രഘോഷമായാണ് ഇതിനെ കാണുന്നതെന്ന് ഈ വൈദികർ പറയുന്നു. ലോക്ക് ഡൗണ് സമയത്ത് ജോലികൾ ഒഴിഞ്ഞതിനാൽ കൂടുതൽ സമയം ലഭിച്ചിരുന്നു.
ന്യൂ ജനറേഷൻ സ്റ്റൈലിൽ സോഷ്യൽ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി എങ്ങനെ ഒരു സന്ദേശം ആളുകളിൽ എത്തിക്കാം എന്നതിനെപ്പറ്റി ചിന്തിച്ചപ്പോൾ ഇത്തരമൊരു ആശയത്തിൽ എത്തി.
മതബോധന വർഷാരംഭത്തിൽ പുറത്തിറക്കാൻ ഒരു ഷോർട്ട് ഫിലിം ആണ് ആദ്യം നിർമിച്ചത്. 14 മിനിട്ട് ദൈർഘ്യമുള്ള “ടീച്ചറമ്മ’ എന്ന ഷോർട്ട് ഫിലിം യൂട്യൂബിൽ നാല്പതിനായിരത്തോളം പേർ കണ്ടു. ഇതിൽ നിന്നു കിട്ടിയ ഉൗർജത്തിൽ കടുകിനു തുടക്കമിടുകയായിരുന്നു.
കാലടി സർവകലാശാലയിൽ നിന്ന് എംഎ തിയറ്റർ പിജി കോഴ്സ് ഒന്നാം റാങ്കോടെ പാസായിട്ടുള്ള ഫാ. ഫിജോ ആലപ്പാടൻ നിലവിൽ കലാസദന്റെ ഡയറക്ടറാണ്.
കടുകിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ഫാ. ഫിജോ ആണ്. വിഷ്വൽ കമ്യുണിക്കേഷനിൽ പിജിയുള്ള ഫാ. പ്രതീഷ് മീഡിയ കത്തോലിക്ക യുടൂബ് ചാനൽ പ്രൊഡക്ഷൻ ടീം അംഗവും അതിരൂപതാ മിഡീയാ കമ്മീഷൻ സെക്രട്ടറിയുമാണ്.
ഒളരി ഇടവക അസിസ്റ്റന്റ് വികാരിയായുള്ള ചുമതലയും വഹിച്ചുവരുന്നു. കലാസദൻ അസിസ്റ്റന്റ് ഡയറക്ടറാണ് ഫാ. ഗ്രിജോ. അഭിനയം സംഗീതം എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കടുകിലെ ബാഗ്രൗണ്ട് മ്യൂസിക് ചെയ്യുന്നത് ഫാ. ഗ്രിജോ ആണ്.
ചേലക്കര പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ലിവിൻ ചൂണ്ടൽ ഒഴിവു സമയങ്ങളിൽ കാമറ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൂവരെയും സഹായിച്ചിട്ടുണ്ട്.