കടുത്തുരുത്തി: പെട്രോൾ തീർന്നതിനെത്തുടർന്ന് വഴിയിലകപ്പെട്ട യുവാവിനെ ഹെൽമെറ്റിന് അടിച്ചു വീഴ്ത്തി, നിരവധി കേസുകളിലെ പ്രതികളായ യുവാക്കൾ ചേർന്നു കാർ കടത്തിക്കൊണ്ടു പോയി.
സംഭവം നടന്ന് 24 മണിക്കൂർ പിന്നിടും മുന്പേതന്നെ നാലംഗ സംഘത്തിലെ രണ്ടു പേരെ കടുത്തുരുത്തി പോലീസ് പിടികൂടി.
വെള്ളിയാഴ്ച രാത്രി എട്ടോടെ ആപ്പാഞ്ചിറ ജംഗ്ഷനിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം. പെരുവ മാവേലിത്തറ മാത്യൂസ് റോയി (22), ആയാംകുടി മേലേടത്തുകുഴുപ്പിൽ അനുരാഗ് (24) എന്നിവരാണ് അറസ്റ്റിലായത്.
പന്പിലെ സിസിടിവി കാമറയിൽനിന്നു ലഭിച്ച ചിത്രമാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
മാഞ്ഞൂർ സൗത്ത് പാറപുറം വീട്ടിൽ നിധിഷ് (28) നെ അടിച്ചു വീഴ്ത്തിയാണ് ആൾട്ടോ കാറുമായി പ്രതികൾ കടന്നത്. നിധിഷിന്റെ മൊബൈൽ ഫോണ്, മൂവായിരം രൂപ എന്നിവയും പ്രതികൾ തട്ടിയെടുത്തു.
സുഹൃത്തിന്റെ കാറുമായി നിധിഷ് മാഞ്ഞൂരിൽനിന്നു തലയോലപ്പറന്പിലേക്കു പോകുന്പോഴാണ് സംഭവം. കാറിൽ പെട്രോളില്ലാഞ്ഞതിനെത്തുടർന്ന് മുട്ടുചിറയിലും തുടർന്ന് ആപ്പാഞ്ചിറയിലെയും പന്പുകളിൽനിന്നു പെട്രോൾ അടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
തുടർന്ന് തലയോലപറന്പിലെത്തി പെട്രോളടിക്കാമെന്നു കരുതി മുന്നോട്ട് പോയെങ്കിലും ആപ്പാഞ്ചിറ ജംഗ്ഷനിലെത്തിയപ്പോൾ കാർ നിന്നുപോവുകയായിരുന്നു.
ഈ സമയം ജംഗ്ഷനിൽ ഉണ്ടായിരുന്ന പ്രതികളോടു നിധിഷ് പെട്രോൾ വാങ്ങാൻ സഹായം ചോദിച്ചു. തുടർന്നു സംഘത്തിലെ രണ്ടുപേർ പണം വാങ്ങി തലയോലപ്പറന്പിൽ ചെന്നു പെട്രോൾ വാങ്ങിയെത്തി.
പെട്രോൾ ഒഴിച്ച ശേഷം നിധിഷ് കാറുമായി പോകാൻ തുടങ്ങുന്പോഴാണ് പ്രതികൾ ഹെൽമെറ്റ് ഉപയോഗിച്ചു നിധിഷിനെ അടിച്ചുവീഴ്ത്തിയത്.
കാറുമായി പോയ പ്രതികളെ വിവരമറിഞ്ഞെത്തിയ പോലീസ് പിന്തുടർന്നിരുന്നു. ഇതിനിടെ കീഴൂർ ഭാഗത്തുവച്ചു കാർ അപകടത്തിൽപ്പെട്ട് ടയർ പഞ്ചറായി. തുടർന്നു പ്രതികൾ നാലുപേരും പെരുവ സ്വദേശിയായ മാത്യൂസിന്റെ വീട്ടിലെത്തി.
സൂചന ലഭിച്ചതിനെത്തുടർന്ന് ഇന്നലെ ഇവിടെയെത്തിയാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്. രണ്ടു പേർ പോലീസെത്തും മുന്പ് കടന്നുകളഞ്ഞു. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കാർ പോലീസ് കണ്ടെത്തി. കഞ്ചാവ് കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്നു പോലീസ് പറഞ്ഞു.
കടുത്തുരുത്തി സിഐ എം.എ. മുഹമ്മദ്, എസ്ഐ അബ്ദുൾ സത്താർ, എസ്ഐ വിജയപ്രസാദ്, എഎസ്ഐ രാംദാസ്, എച്ച്സി സിജാസ് ഇബ്രാഹിം, സിപിഒ അരുണ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.