കടുത്തുരുത്തി: ലഹരിക്കടിമപ്പെട്ട് കടുത്തുരുത്തി ടൗണില്‍ രാത്രിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായാധുങ്ങളുമായി ഏറ്റുമുട്ടിയ സംഘാംഗങ്ങളില്പ്പെട്ടവരെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒടുവില്‍ നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ സംഘാംഗങ്ങളെ വിട്ടയച്ച പോലീസിന്റെ നടപടിയില്‍ വ്യാപക പ്രതിക്ഷേധം.
ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. തിങ്കളാഴ്ച്ച രാത്രി 9.30ഓടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
രണ്ട് സംഘത്തില്‍പ്പെട്ട യുവാക്കളാണ് പരസ്പരം ഏറ്റുമുട്ടിയത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയതോടെ സംഘത്തില്‍പെട്ട ചിലര്‍ ഓടി രക്ഷപെട്ടു. ജീപ്പില്ലാത്തതിനാല്‍ നടന്നാണ് പോലീസ് എത്തിയത്. തുടര്‍ന്ന് കെയ്യില്‍ കിട്ടിയവരുമായി പോലീസ് മടങ്ങി.
പെണ്‍കുട്ടിയെ കമന്റടിച്ചതുമായി ബന്ധപെട്ടുണ്ടായ തര്‍ക്കങ്ങളും ഇതിന്റെ തുടര്‍ച്ചയുമാണ് സംഘര്‍ഷത്തിലും പിന്നീട് മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിലും കലാശിച്ചതെന്നാണ് സംഘത്തിലുണ്ടായിരുന്നവരുടെ സുഹൃത്തുക്കള്‍ പറയുന്നത്.