കടുത്തുരുത്തി: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ് എം തങ്ങളെ വെട്ടിയതിൽ പ്രതിഷേധമറിയിച്ചാണ് കോണ്‍ഗ്രസ് പ്രവർത്തകർ നിരത്തിലിറങ്ങിയതെങ്കിലും കടുത്തുരുത്തിയിൽ കാലാകാലങ്ങളായി കേരളാ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കേണ്ടി വന്ന സാഹചര്യം ഒഴിവായതിലുള്ള സന്തോഷവും ആഹ്ലാദവും കോൺഗ്രസ് പ്രവർത്തകരിൽ പലരും ഇന്നലെ ടൗണിൽ പങ്കുവച്ചു.
കാലാകാലങ്ങളായി ലോക്സഭ, നിയമസഭാ, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം കടുത്തുരുത്തിയിലെ കോണ്‍ഗ്രസ് പ്രവർത്തകർ കേരളാ കോണ്‍ഗ്രസ് എമ്മിന് വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു. പലതവണ പ്രാദേശിക നേതൃത്വം ഇക്കാര്യത്തിൽ മാറ്റമുണ്ടാകാൻ ആഗ്രഹിക്കുകയും ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെ അറിയിക്കുകയും ചെയ്തിരുന്നെങ്കിലും അവസാനസമയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നൽകി ക്കൊണ്ട് മുകളിൽ നിന്നു നിർദശം വരികയും ഇതനുസരിച്ചു പ്രവർത്തിക്കുകയുമായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകർ ചെയ്തിരുന്നത്.
നിയോജക മണ്ഡലത്തിൽ തങ്ങളാണ് വലിയകക്ഷിയെന്ന് ഇരുകൂട്ടരും അവകാശവാദമുന്നയിക്കുന്നുമുണ്ട്. കടുത്തുരുത്തി എംഎൽഎ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മാണിയും കൂട്ടരും മറുകണ്ടം ചാടിയതോടെ ഇനിയെങ്കിലും വരുന്ന തെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർഥിക്കു വേണ്ടി പണിയെടുത്താൽ മതിയല്ലോയെന്ന സന്തോഷത്തിലാണ് പ്രവർത്തകരും നേതാക്കളും.