കടുത്തുരുത്തി: വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നിര്‍ധന കുടുംബം അപേക്ഷയുമായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു.
ഉടന്‍ നിങ്ങള്‍ക്ക് വീട് ലഭിക്കുമെന്ന സ്ഥിരം മറുപടി കേട്ട് മടുത്തതിനാല്‍ ഇനി വീടിനുള്ള അപേക്ഷയുമായി പോകുന്നില്ലെന്ന് മൂന്നംഗ കുടുംബം.
മുളക്കുളം പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ കാരിക്കോട് ചെമ്പിലാക്കല്‍ വീട്ടില്‍ ഉഷയും കുടുംബവുമാണ് വര്‍ഷങ്ങളായി പടുത വലിച്ചു കെട്ടിയ ഷെഡില്‍ കഴിയുന്നത്.
ഹൃദ്രോഗിയായ ഉഷ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂലിപണിക്കു പോയിരുന്ന ഉഷയ്ക്കു അകാലത്തിലുണ്ടായ വീഴ്ചചയില് ശാരീരിക അവശതകള്‍ ബാധിച്ചതോടെ ജോലിയെടുക്കാന്‍ വയ്യാത്ത സ്ഥിതിയായി.
ഇളയ മകള്‍ ശ്രീലക്ഷ്മി വിദ്യാഭ്യാസ വായ്പയെടുത്ത് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും ജോലി ലഭിച്ചിട്ടില്ല.
ശാരീരിക അവശതകള്‍ മൂലം സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി പോകുന്ന ഭര്‍ത്താവ് വിജയന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബത്തിന്റെ ദൈനംദിന ചിലവുകള്‍ നടത്തുന്നതും രോഗിയായ ഉഷയുടെ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വാങ്ങുന്നതും.
ഉഷയ്ക്ക് മരുന്നിനായി മാത്രം പ്രതിമാസം 3,000 രൂപയോളം വേണ്ടുവരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. മൂത്ത മകളെ വിവാഹം കഴിച്ചയച്ചതു മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്വാസം.
കാല് നൂറ്റാണ്ടിലധികമായി പഞ്ചായത്തിലടക്കം വീടിനായി അപേക്ഷയുമായി പോയിട്ടും ലഭിച്ചില്ല. പിന്നീട് ജില്ലാ കളക്ടര്‍ക്കടക്കം നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് ഉഷ പറഞ്ഞു.
സ്വന്തമായി ഭൂമിയുള്ള ഇവര്‍ ലൈഫ് പദ്ധതിയിലടക്കം അപേക്ഷ നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ തടസവാദങ്ങള്‍ നിരത്തുമ്പോഴും സുമനസുകളുടെ കരുണയില്‍ സ്വന്തമായൊരു വീടുണ്ടാവുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഈ നിര്‍ദ്ധന കുടുംബം.