കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ. കാട്ടാന്പാക്ക് സ്വദേശിയായ ജിഷ്ണുപ്രഭ (20) ആണ് പിടിയിലായത്. ഞീഴൂർ സ്വദേശിയായ 16 കാരിയാണ് പീഡനത്തെ തുടർന്ന് ഗർഭിണിയായത്. മറ്റൊരു കേസുമായി ബന്ധപെട്ട് പോലീസ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തപ്പോളാണ് പീഡനവിവരം പോലീസ് അറിയുന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയി കഴിയുന്പോൾ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്കു പ്രായപൂർത്തിയായതാണെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് വീട്ടിലെത്തി രേഖകൾ പരിശോധിച്ചാണ് പ്രായം മനസിലാക്കിയത്. തുടർന്ന് പോലീസ് കേസ് എടുത്തു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ പ്രതിയും ഇയാളുടെ മാതാപിതാക്കളും സമ്മതമാണെന്ന് പോലീസ് സ്റ്റേഷനിൽ പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇതനുവദിക്കാനാവില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരസ്പരം ചീത്ത വിളിക്കുകയും വെല്ലുവിളി നടത്തുകയും തുടർന്ന് പാഴുത്തുരുത്ത് തിരുവന്പാടി സ്വദേശിയായ ജിസ്മോൻ ജോയി എന്ന യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ജിഷ്ണുപ്രഭയും രണ്ട് സുഹൃത്തുക്കളും ചേർന്ന് മർദിച്ചിരുന്നു.
ഹൈൽമെറ്റിന് അടിച്ചു വീഴ്ത്തിയതിനെ തുടർന്ന് ജിസ്മോൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഇതേതുടർന്ന് ജിസ്മോന്റെ പരാതിയിൽ ജിഷ്ണുപ്രഭയ്ക്കും രണ്ട് സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസ് എടുത്തിരുന്നു.
ഈ കേസുമായി ബന്ധപെട്ടാണ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്. ജിസ്മോനെ മർദിച്ച കേസിൽ മറ്റു രണ്ട് പ്രതികൾ പിടിയിലാകാനുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കടുത്തുരുത്തി സിഐ കെ.പി. തോംസണ്‍ പറഞ്ഞു.