കടുത്തുരുത്തി: സ്വകാര്യ വ്യക്തി കയ്യേറിയ സ്ഥലത്തിന് ബ്ലോക്ക് പഞ്ചായത്തു വകയായി സംരക്ഷണഭിത്തി ഉണ്ടാക്കി നൽകിയെന്ന് ആരോപണം.
മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ വലിയതോട്ടിൽ മണപ്പുഴ പാലത്തിന് സമീപമാണ് സ്വകാര്യ വ്യക്തി തോട് കൈയേറിയതായി ആരോപണമുയർന്നിട്ടുള്ളത്. ഈ ഭാഗത്താണ് തോട്ടിൽ നിന്നും ചെളി വാരിയെടുത്ത് സംരക്ഷണഭിത്തി ഉണ്ടാക്കി നൽകിയതെന്ന് കർഷകർ ആരോപിക്കുന്നത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രുപാ ചിലവഴിച്ചു മണപ്പുഴ പാലം മുതൽ ചങ്ങലപ്പാലം വരെയുള്ള ഭാഗത്ത് തോടിന് വീതി കൂട്ടുന്ന പണികൾ നടക്കുകയാണ്.
എന്നാൽ തോട് കൈയ്യേറിയ ഭാഗത്ത് വീതി കൂട്ടാതെ ആഴത്തിൽ കുഴിച്ച് മണ്ണെടുത്ത് കൈയ്യേറിയ സ്ഥലത്ത് സംരക്ഷണഭിത്തി പോലെ പിടിപ്പിച്ചിരിക്കുയാണെന്ന് കർഷകർ ചൂണ്ടി കാണിക്കുന്നു.
തോട് കൈയ്യേറിയതോടെ ഈ ഭാഗത്ത് വീതി കുറയുന്നത് തോട്ടിലെ വെള്ളം വറ്റാൻ താമസമുണ്ടാക്കുമെന്നും ഇതു ഇടയാറ്റ് പാടശേഖരത്തിൽ പെടുന്ന 600 ഏക്കറോളം വരുന്ന പാടത്ത് കൃഷി ഇറക്കാൻ താമസമുണ്ടാക്കുമെന്നുമാണ് കർഷകരുടെ ആരോപണം.
ഒരു വർഷം മുന്പ് തോട് കയ്യേറി സ്വകാര്യ വ്യക്തി കെട്ടിയെടുത്തപ്പോളും പഞ്ചായത്ത്, വില്ലേജ് അധികൃതരെ വിവരം അറിയിച്ചിരുന്നതാണെന്നും എന്നാൽ യാതൊരു നടപടിയുമുണ്ടായില്ലെന്നും കർഷകർ പരാതിപ്പെടുന്നു.