ഇരിട്ടി(കണ്ണൂർ): വാണിയപ്പാറയിൽ ഇറങ്ങിയ കടുവയെ കുടുക്കാൻ വനംവകുപ്പ് നടപടികൾ തുടങ്ങി. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കൂട് സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ നീക്കം. വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്. ഇന്നലെയാണ് വാണിയപ്പാറതുടിമരത്ത് കടുവയിറങ്ങിയത്.
തുടിമരത്തെ കരിയിൽ കുന്നേപറമ്പിൽ ജോയിയുടെ രണ്ട് പശുക്കളിൽ ഒന്നിനെ കടുവ കൊന്നു. രണ്ടാമത്തെ പശുവിനെ കടുവ ആക്രമിക്കുന്നതു കണ്ട് ഒച്ചവച്ച ജോയിയുടെ ഭാര്യ ഏലമ്മയ്ക്കുനേരേയും കടുവ ആക്രമണത്തിന് മുതിർന്നു. ബഹളം വച്ചതിനെത്തുടർന്ന് കടുവ പിന്തിരിഞ്ഞതിനാൽ ഏലമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുപരിക്കേറ്റ പശു അത്യാസന്നനിലയിലാണ്.
80,000 രൂപയുടെ പശുക്കളെയാണ് ജോയിക്ക് നഷ്ടപ്പെട്ടത്. വെറ്ററിനറി വിഭാഗം പശുവിനെ ചികിത്സിക്കുന്നുണ്ട്. കടുവയിറങ്ങിയ വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. കർഷക നേതാക്കളും നിരവധി നാട്ടുകാരും സ്ഥലത്തെത്തി. കടുവയിറങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. പശുവിനുള്ള നഷ്ടപരിഹാരം വനംവകുപ്പ് നല്കുമെന്ന് റെയ്ഞ്ചർ വി.ബിനു പറഞ്ഞു.