കോന്നി: പത്തനംതിട്ട കൊക്കാത്തോട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനേത്തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മന്ത്രി കെ. രാജു. ഇന്നലെ കോന്നി വനം ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രി കൊക്കാത്തോട് അപ്പൂപ്പൻതോട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രവിയുടെ കുടുംബത്തിനു പത്തുലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
അഞ്ചുലക്ഷം രൂപ അടിയന്തരമായി കൊല്ലപ്പെട്ട രവിയുടെ ഭാര്യയ്ക്കു നല്കും. ബാക്കിയുള്ള അഞ്ചുലക്ഷം രൂപ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം കൈമാറും. കൊല്ലപ്പെട്ട രവിയുടെ കുടുംബാംഗങ്ങളെ നേരിട്ടു കാണുന്നതിനായാണ് മന്ത്രി കോന്നിയിലെത്തിയത്.
കടുവ ആക്രമണത്തേത്തുടർന്ന് കൊക്കാത്തോട് ഉൾപ്പെടെയുള്ള വനാന്തര ഗ്രാമവാസികൾ ഭീതിയിലാണ്. ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ കരുതി വനാന്തര ഗ്രാമങ്ങളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തും. തേക്കടിയിൽ നിന്നും കൂടുതൽ ക്യാമറകളെത്തിച്ച് വനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും.
വന്യമൃഗങ്ങളുടെ സഞ്ചാര രീതികൾ മനസിലാക്കി ഗ്രാമീണരെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വനാന്തര ഗ്രാമങ്ങളിൽ നിരീക്ഷണത്തിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുന്നതിനൊപ്പം കടുവ, പുലി തുടങ്ങിയവയുടെ സഞ്ചാരമേഖല കണ്ടെത്തുന്നതിനും നിർദേശം നല്കിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ജനങ്ങൾ കാട്ടിൽ കയറുന്നത് ഒഴിവാക്കണമെന്നും വനം അധികൃതർക്ക് നിർദേശം നല്കി.