ജമ്മു: ജമ്മു കാഷ്മീരിലെ കത്വയിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദേശം. ജമ്മുവിലെ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണു കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്ത് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളായ സച്ചിൻ ശർമ, നീരജ് ശർമ, സഹീൽ ശർമ എന്നിവരാണു പരാതിയുമായി കോടതിയെ സമീപിച്ചത്.
ഇവരെ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചതായും വ്യാജ തെളിവുകൾ ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു.അന്വേഷണ സംഘത്തിലെ ആറ് പേർക്കെതിരെയാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിർബന്ധിക്കുകയും ചെയ്തെന്ന പരാതിയിൽ ജമ്മു കാഷ്മീർ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
സീനിയർ പോലീസ് സൂപ്രണ്ടും അന്വേഷണ സംഘ തലവനുമായ ആർ.കെ. ജല്ല, എഎസ്പി പീർസാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശർമ, നിസാർ ഹുസൈൻ, എസ്ഐമാരായ ഇർഫാൻ വാനി, കെവാൽ കിഷോർ എന്നിവർക്കെതിരേ കേസെടുക്കാനാണു കോടതി ഉത്തരവ്.
2018 ജനുവരിയിലാണു കത്വയിലെ ക്ഷേത്രത്തിനുള്ളിൽ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽനിന്നു തുരത്തിയോടിക്കുന്നതിനാണു പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവിൽവച്ചു പീഡിപ്പിച്ചതെന്നു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
കേസിലെ പ്രധാന പ്രതികൾക്കു കോടതി മരണം വരെ തടവുശിക്ഷ വിധിച്ചിരുന്നു. ബലാത്സംഗം ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷൽ പോലീസ് ഓഫീസറായ ദീപക് ഖജുരിയ, സാഞ്ചി റാമിന്റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്കാണു പത്താൻകോട്ടിലെ അതിവേഗകോടതി മരണം വരെ തടവുശിക്ഷ വിധിച്ചത്.
കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ജമ്മുവിൽ പ്രാദേശിക പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ ഒരു പ്രതിഷേധ പ്രകടനത്തിൽ അന്നത്തെ കാഷ്മീർ സർക്കാരിൻറെ ഭാഗമായിരുന്ന രണ്ടു ബിജെപി മന്ത്രിമാരും പങ്കെടുത്തു.