പേരാമ്പ്ര: ഉള്‍ക്കാട്ടിലേക്കു പോയെന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ച ചെമ്പനോടയിലെ കടുവ ഇന്നലെ രാത്രി പെരുവണ്ണാമൂഴി യിലെത്തിയതായി സൂചന. ടൂറിസ്റ്റു കേന്ദ്രത്തിലെ ബോട്ടു ജെട്ടി പരിസരത്ത് ഇതിന്റെ കാല്‍പ്പാടുകള്‍ ഇന്ന് രാവിലെ കണ്ടെത്തി.
ബോട്ടു ജെട്ടിക്കു സമീപം ആറ് മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ ഭാഗമായ കിണര്‍ നിര്‍മാണം നടക്കുന്നുണ്ട്. ഇവിടെയും കടുവയുടെ കാല്‍പ്പാടു കാണുന്നുണ്ട്. ഇതോടെ കടുവ പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രം വൃഷ്ടി പ്രദേശത്ത് തന്നെയുണ്ടെന്നു ബോധ്യമായിരിക്കുകയാണ്.
കിണര്‍ നിര്‍മാണ തൊഴിലാളികള്‍ സംഭവമറിഞ്ഞു പണി നിര്‍ത്തിവച്ചു.ടൂറിസ്റ്റു കേന്ദ്രം മൊത്തം കാടുമൂടിക്കിടക്കുകയാണ്. തൊട്ടടുത്തുള്ളസിആര്പിഎഫ് കേന്ദ്രത്തിനായി വിട്ടു കൊടുത്ത 40 ഏക്കര്‍ സ്ഥലവും കാടു പിടിച്ചു കിടക്കുകയാണ്. ഇവിടെയെവിടെയോ കടുവ മറഞ്ഞിരിക്കുകയാണെന്ന സംശയമാണുയരുന്നത്.
വിവരം നാട്ടുകാര്‍ പെരുവണ്ണാമൂഴി ഫോറസ്റ്റധികൃതരെ അറിയിച്ചിട്ടുണ്ട്. ഡാം റിസര്‍വോയര്‍ നീന്തിക്കടന്നാണു കടുവ ഇവിടെ എത്തിയതെന്നു കരുതുന്നു. ഒരു മാസം മുമ്പ് കടുവയെ പെരുവണ്ണാമൂഴി ഭാഗത്ത് രാത്രിയിലെ വഴിയാത്രക്കാര്‍ കണ്ടെന്നു പറഞ്ഞിരുന്നു.