കൽപ്പറ്റ: പുൽപ്പള്ളി ചീയന്പത്ത് വനപാലകരെ ആക്രമിച്ച കടുവ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ വീണു. വനത്തിനുള്ളിൽ സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചെയോടെ കടുവ കുടുങ്ങിയത്. കടുവയെ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. 14 വയസ് പ്രായം തോന്നിക്കുന്ന ആണ് കടുവയാണ് കൂട്ടിലായത്.
കൈയ്ക്കും ദേഹത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. കടുവയുടെ ഇടത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പരിശോധിച്ചത്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത.
രണ്ട് കൂടുകളാണ് ഇന്നലെ കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവയ്ക്ക് ഭക്ഷണം ഒന്നും ലഭിച്ചിരുന്നില്ല. അതിനാലാണ് മനുഷ്യനെ ആക്രമിച്ചതെന്നാണ് വിലയിരുത്തൽ. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ചർമാർ വനത്തിൽ നിരീക്ഷണത്തിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്.
അപ്രതീക്ഷിത ആക്രമണത്തിൽ ചീയന്പം സ്വദേശി ഷാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവയുടെ അടിയേറ്റാണ് ഷാജന്റെ തലയ്ക്ക് പരിക്കേറ്റത്. പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചുവെന്ന് നാട്ടുകാർ പരാതി കൊടുത്തതിനെ തുടർന്ന് വനം വകുപ്പ് കൂട് വച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്നാണ് കടുവയുടെ ആക്രമണമുണ്ടായത്.