മാനന്തവാടി: തവിഞ്ഞാൽ, മക്കിക്കൊല്ലി, വെള്ളരിപ്പാലം പ്രദേശങ്ങളിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി.വനം-വന്യജീവി വകുപ്പ് വെള്ളരിപ്പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെ വച്ച കെണിയിൽ ഇന്നു പുലർച്ചെ രണ്ടിനാണ് കടുവ കുടുങ്ങിയത്.
12 വയസ് മതിക്കുന്ന ആണ്കടുവയാണ് കെണിയിലായത്. നോർത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് വളപ്പിലേക്കു മാറ്റിയ കടുവയെ വനപാലകർ നിരീക്ഷിച്ചുവരികയാണ്. കടുവയുടെ കോന്പല്ല് കൊഴിഞ്ഞ നിലയിലാണ്. ദേഹത്തു പരിക്കുകൾ പ്രകടമല്ല. ആവശ്യമായ ചികിത്സയും പരിചരണവും നൽകിയശേഷം കടുവയെ മൃഗശാലയിലേക്കു മാറ്റാനാണ് നീക്കം.
കഴിഞ്ഞ ദിവസം മക്കിക്കൊല്ലി മണക്കാട് ഫ്രാൻസിസിന്റെ പത്തുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നിരുന്നു. തള്ളപ്പശുവിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയുമുണ്ടായി. ഇതിനടുത്ത ദിവസവും പ്രദേശത്തു കടുവയെത്തി. ചത്ത പശുക്കിടാവിന്റെ ജഡം അടുത്തുള്ള വയലിൽ വലിച്ചെത്തിച്ചു ഭാഗികമായി ഭക്ഷിച്ചു.
പ്രദേശവാസികൾ ഭീതിയിലായ സാഹചര്യത്തിൽ കടുവയെ കണ്ടെത്തി ഉൾക്കാട്ടിലേക്കു തുരത്താൻ വനപാലകർ പദ്ധതിയിട്ടെങ്കിലും ഫലിച്ചില്ല. ഇന്നലെ പകൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്തായില്ല.
കടുവാശല്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലൈജി തോമസ്, ജോസ് കൈനികുന്നേൽ, ബ്ലോക്ക് മെംബർ അസീസ് വാളാട്, പ്രദേശവാസികമായ പ്രതീഷ് മൈലാടി, മനോജ് ഒഴക്കോടി തുടങ്ങിയവർ നോർത്ത് വയനാട് ഡിഎഫ്ഒ രമേശ് വിഷ്ണോയിയുമായി ചർച്ച നടത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടു വരെ കടുവയെ കണ്ടെത്തി തുരത്താനായില്ലെങ്കിൽ കൂടു സ്ഥാപിച്ചു പിടികൂടാമെന്നു ചർച്ചയിൽ ജനപ്രതിനിധികൾക്കു ഡിഎഫ്ഒ ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാത്രി കൂട് സ്ഥാപിച്ചത്. കടുവ കൂട്ടിലായതോടെ പ്രദേശവാസികൾക്കു ആശ്വാസമായി.കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതുമുതൽ പകൽ തോട്ടത്തിൽ ഇറങ്ങാൻപോലും ആളുകൾ ഭയന്നിരുന്നു.