മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ കുമരംപുത്തൂർ പഞ്ചായത്തിലെ മൈലാന്പാടം പൊതുവപ്പാടത്ത് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം. മൈലാന്പാടം പൊതുവപ്പാടത്ത് ടാപ്പിംഗ് തൊഴിലാളിയാണ് കടുവയെ കണ്ടത്.
പുലിയെ നിരീക്ഷിക്കാൻ വനംവകുപ്പ് കാമറ സ്ഥാപിച്ച സ്ഥലത്തിനടുത്ത എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. ചിത്രം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പുലിയുടെ സാന്നിധ്യമുണ്ടെന്നു പറയുന്ന രണ്ടിടങ്ങളിൽ ഒരാഴ്ചമുന്പ് വനംവകുപ്പ് രണ്ട് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു.
രണ്ടാഴ്ചമുന്പ് പട്ടാപ്പകൽ വീടിനോട് ചേർന്നുള്ള കൂട്ടിൽ കെട്ടിയ രണ്ടാടുകളെ പുലി ആക്രമിച്ച് ഒരു ആടിനെ കൊന്നിരുന്നു.
പ്രദേശവാസികളായ നിജോ വർഗീസ്, ബാബു പൊതുവപ്പാടം, റെജി തോമസ്, നൗഷാദ് വെള്ളപ്പാടം എന്നിവർ നല്കിയ പരാതിയെ തുടർന്നാണ് രണ്ട് പട്ടികവർഗ കോളനികൾ കൂടിയുള്ള പ്രദേശത്തോടു ചേർന്ന് വനംവകുപ്പ് രണ്ടു കാമറകൾ സ്ഥാപിച്ചത്.
മാസങ്ങൾക്കുമുന്പ് ഇവിടെനിന്ന് വനംവകുപ്പ് സ്ഥാപിച്ച കൂടിനകത്ത് ഒരു പുലി അകപ്പെട്ടിരുന്നു.