മാവേലിക്കര: കഴിഞ്ഞ ദിവസം സിസിടിവി കാമറയിൽ മാർജാര വംശത്തിലുള്ള കടുവയുടേതിനോ പുലിയുടേതിനോ സമാനമായ രാത്രികാല സിസിടിവി ദൃശ്യം കണ്ടെത്തിയ മേഖലയിൽ വന്യമൃഗത്തിന്റേതിനു സാമ്യമുള്ള കാൽപ്പാടുകൾ കണ്ടെത്തിയതായി നാട്ടുകാർ.
കാൽപ്പാടുകൾ പുലിയുടേതോ കടുവയുടേതോ ആകാമെന്ന നിഗമനത്തിലാണ് നാട്ടുകാർ. കാൽപ്പാടുകൾ കൂടി കണ്ടെടുത്തതോടെ ജനം ഭീതിയിലാണ്.
ഇന്നലെ രാത്രി നായകൾ അകാരണമായി ബഹളം വയ്ക്കുന്നതും കുരയ്ക്കുന്നതും ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് കാൽപ്പാടുകൾ കണ്ടെത്തിയതെന്ന് പറയുന്നു.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഫോറസ്റ്റ് അധികൃതർ ഗൃഹനാഥനെ അറിയിച്ചത് കാട്ടുമാക്കാൻ ഇനത്തിൽപെട്ട ജീവിയാണെന്നായിരുന്നു. എന്നാൽ കാൽപ്പാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഞായറാഴ്ച രാത്രി 8.20 ഓടെ പുതുശേരിയന്പലം സ്വദേശിയായ ഫോട്ടോഗ്രാഫറുടെ വീട്ടിലായിരുന്നു സംഭവം. വീട്ടുകാർ അടുക്കള ഭാഗത്തെ പടിയിൽ ഇരിക്കുന്പോൾ മതിൽ ചാടി കുതിച്ച് വലിയ വലിപ്പമുള്ള എന്തോ ഒന്ന് പോകുന്നത് കണ്ടു.
പുലി അല്ലെങ്കിൽ കടുവപോലെ മാർജാര വംശത്തിൽപെട്ട ജീവിയാണ് അതെന്നാണ്കണ്ടവർ സാക്ഷ്യപ്പെടുത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ലായെങ്കിലും വലിയ ഏതോ ജീവിയുടെ സാന്നിധ്യമാണ് ദൃശ്യത്തിൽ നിന്നു വ്യക്തമാകുന്നത്.
സ്ഥലത്ത് വനംവകുപ്പിന്റെ അടിയന്തര പരിശോധന ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സമൂഹ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. സമീപത്തായി കാടുകളുടെ സാന്നിധ്യമില്ലാത്ത മാവേലിക്കര മേഖലയിൽ വന്യമൃഗം എത്തിയത് എങ്ങനെയാ വാം എന്ന സംശയം ഉന്നയിക്കുന്നവരുമുണ്ട്.
അച്ചൻ കോവിലാറിന്റെ തീരത്തോട് അടുത്തുകിടക്കുന്ന പ്രദേശമായതിനാൽ ആറ് വഴിയോ അതല്ലയെങ്കിൽ ചരക്കുവാഹനങ്ങളിലോ കയറി വന്നതാകാമെന്നുമൊക്കെ സംശയിക്കപ്പെടുന്നു. ഇതിനിടെ ആഞ്ഞലിപ്രായിൽ കണ്ടെത്തിയതെന്ന തരത്തിൽ കാട്ടുപൂച്ചയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ പിന്നീട് ഇത് കെ.ഉല്ലാസ് കരാന്ത് വന്യജീവി സർവേയുടെ ഭാഗമായി പകർത്തിയ കാട്ടുപൂച്ചയുടെ ചിത്രമാണെന്ന് കണ്ടെത്തുകയായിരുന്നു.