പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ വണ്ടിക്കടവ്, പാറക്കടവ് പ്രദേശങ്ങളിൽ ഒന്നര ദിവസത്തോളം ഭീതി പരത്തിയ കടുവയെ വനത്തിലേക്കു തുരത്തി. വനസേനാംഗങ്ങൾ പടക്കം പൊട്ടിച്ചും മറ്റും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് കടുവ കാടുകയറിയത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽപ്പെട്ട വണ്ടിക്കടവ് വനത്തിലേക്കാണ് കടുവയെ തുരത്തിയതെന്നു സൗത്ത് വയനാട് ഡിഎഫ്ഒ പി. രഞ്ജിത്ത്കുമാർ പറഞ്ഞു.
കടുവ തിരികെ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നതു തടയുന്നതിനു വനാതിർത്തിയിൽ നീരീക്ഷണവും പട്രോളിംഗും ശക്തമാക്കിയതായി അദ്ദേഹം അറിയിച്ചു. വണ്ടിക്കടവ്, പാറക്കടവ് പ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.
ഇന്നലെ രാവിലെ ഡ്രോണിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിൽ പാറക്കടവ് കാപ്പിപ്പാടി കോളനിക്കു സമീപം തോട്ടത്തിലാണ് കടുവയെ കണ്ടത്. നാലു മണിക്കൂർ കഠിനാധ്വാനം ചെയ്താണ് റാപിഡ് റെസ്പോണ്സ് ടീം അംഗങ്ങൾ ഉൾപ്പെടെ നൂറു പേരോളം വരുന്ന വനസേന ഇതിനെ കാട്ടിലേക്കു ഓടിച്ചത്.
പ്രായംകുറഞ്ഞ ആണ് കടുവയാണ് പാറക്കടവിലെത്തിയത്. ഇതിനു പരിക്കുള്ളതായി സംശയമുണ്ടെന്നു വനപാലകർ പറഞ്ഞു. പരിക്കുമൂലം വനത്തിൽ ഇരതേടാൻ പറ്റാതെവരുന്ന കടുവകളാണ് വിശപ്പകറ്റാൻ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത്. പാറക്കടവ് കവലയ്ക്കു സമീപം മേമുട്ടത്ത് മോഹനന്റെ തോട്ടത്തിലെ കുറ്റിക്കാട്ടിൽ ചൊവ്വാഴ്ച രാവിലെ 11 ഓടെ തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്.
സ്ഥലത്തെത്തിയ വനം-പോലീസ് സേനാംഗങ്ങൾ തുരത്താൻ ശ്രമിച്ചെങ്കിലും കടുവ പകൽ തോട്ടത്തിൽ പതുങ്ങി. കൂടുവച്ചൊ മയക്കുവെടി പ്രയോഗിച്ചോ പിടിക്കണമെന്നു ആവശ്യം ഉയർന്നെങ്കിലും ഇതിനുതകുന്ന ഉത്തരവ് ഉണ്ടായില്ല.
ഇന്നലെ പുലർച്ചെ രണ്ടരയോടെ കാപ്പിപ്പാടി കോളനിയിലെ മിനിയുടെ ആടിനെ കടുവ പിടികൂടി.
കോളനിക്കാർ ബഹളം വച്ചെങ്കിലും ആടുമായി കടുവ തോട്ടത്തിലേക്കു കടന്നു. ഈ ആടിനെ തിന്ന കടുവ പശുവിനെ പിടികൂടാനും ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു. വീണ്ടും പ്രദേശത്ത് കടുവയെത്തിയാൽ കൂടുവച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ പദ്ധതി.