റാന്നി: ജനവാസ മേഖലയിലെത്തിയ നരഭോജി കടുവയുടെ മുന്നില്‍ നിന്നും ടാപ്പിംഗ് തൊഴിലാളി ഇന്നലെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടശേരിക്കര ചെമ്പോണ്‍ മേഖലയിലെ റബര്‍ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് കടുവ എത്തിയത്. മാടമണ്‍ അതംമ്പനാക്കുഴി കിഴക്കേപ്പറമ്പില്‍ കെ. ആര്. മോഹനനാണ് കടുവയുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്.
ചേന്നാട്ട് സാബുവിന്റെ റബര്‍ തോട്ടത്തില്‍ ടാപ്പിംഗിനായി ഓട്ടോയില്‍ എത്തിയ മോഹനന് നൂറോളം മരങ്ങള്‍ ടാപ്പ് ചെയ്ത ശേഷമാണ് കടുവയെ കണ്ടത്. ടാപ്പിംഗിന് വെളിച്ചത്തിനുപയോഗിക്കുന്ന ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ കുറെ ദൂരെയായി കടുവയെ കാണുകയായിരുന്നു.
കാട്ടുപന്നിയാകാമെന്നു കരുതിയെങ്കിലും കണ്ണിന്റെ തിളക്കത്തില്‍ കടുവയെ തിരിച്ചറിയുകയായിരുന്നു. അവിടെ നിന്നും ഓടിയ മോഹനന് നൂറ്റന്പത് മീറ്ററോളം ദൂരെ താമസിക്കുന്ന അജയഭവനം അജയന്റെ വീട്ടിലെത്തി അഭയം പ്രാപിക്കുകയായിരുന്നു.
മോഹനന്റെ പിന്നാലെ കടുവ എത്തിയെങ്കിലും വീട്ടുകാര്‍ ബഹളം ഉണ്ടാക്കിയതോടെ പിന്മാറി. സ്ഥലത്തെത്തിയ വനംവകുപ്പ് ദ്രുതകര്‍മ സേനാംഗങ്ങള്‍ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ തണ്ണിത്തോട് മേടപ്പാറ ഭാഗത്ത് ഇടുക്കി കട്ടപ്പന സ്വദേശി ബിനീഷ് മാത്യു കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
റബര്‍ ടാപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കടുവ ആക്രമിച്ചത്. പിന്നീടുള്ള ദിവസങ്ങളിലും ജനവാസ മേഖലയില്‍ കടുവയെ കണ്ടിരുന്നു. കഴിഞ്ഞദിവസം മണിയാറിലും ഇതിന്റെ ശല്യമുണ്ടായി. കടുവയെ കുടുക്കാനായി വനമേഖലയില്‍ നാല് കൂടുകള്‍ വനംവകുപ്പ് തണ്ണിത്തോട്, മണിയാര്‍ ഭാഗങ്ങളിലായി സ്ഥാപിച്ചു.
മയക്കുവെടി വിദഗ്ധസംഘത്തെയും കുങ്കിയാനയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യദിനങ്ങളില്‍ കടുവയെ കണ്ട ഭാഗത്തുനിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് ഇതു മാറുന്നത് കുടുക്കാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാണ്.
തണ്ണിത്തോട് ഭാഗത്ത് കടുവയെ കണ്ട ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ കടുവയെ കണ്ട കട്ടച്ചിറ, മണിയാര്‍ പ്രദേശങ്ങളിലും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.