പത്തനംതിട്ട: തണ്ണിത്തോട് മേടപ്പാറ മേഖലയിൽ വനത്തോടു ചേർന്ന ജനവാസ മേഖലയിൽ ഭീഷണി ഉയർത്തിയ കടുവ കിലോമീറ്ററുകൾ താണ്ടി മണിയാർവരെ എത്തിയതായി സൂചന. ഇന്നലെ രാത്രി മണിയാർ പോലീസ് ക്യാന്പിനു സമീപമാണ ്കടുവയെ കണ്ടതായി പറയുന്നത്.
സമീപത്തെ വീട്ടിലെ താമസക്കാരായ വട്ടമൂട്ടിൽ രാജന്റെ തൊഴുത്തിൽ നിന്നു പശുവിനെയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പകലാണ് തണ്ണിത്തോട് മേടപ്പാറ എസ്റ്റേറ്റിൽ ടാപ്പിംഗ് ജോലി നടത്തിവന്ന ബിനീഷ് മാത്യുവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.
തുടർന്നുള്ള രാത്രികളിൽ തണ്ണിത്തോടിന്റെ വിവിധ മേഖലകളിൽ കടുവയെ കണ്ടിരുന്നു. വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചതിനു പിന്നാലെ കടുവയെ കുടുക്കാനായി കുങ്കിയാനയെയും മയക്കുവെടി വിദഗ്ധനെയും തണ്ണിത്തോട്ടിൽ എത്തിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് കടുവയുടെ രാത്രിസഞ്ചാരം കിലോമീറ്ററുകൾക്കപ്പുറത്തേക്ക് നീങ്ങുന്നത്. നാലു കിലോമീറ്റർ അപ്പുറത്താണ് വെള്ളിയാഴ്ച രാത്രി കടുവയെ കണ്ടത്. ഇന്നലെ തണ്ണിത്തോട് വരെയെത്താൻ ഏഴ് കിലോമീറ്ററുകളോളം സഞ്ചരിക്കണം.
വനപാതയിലൂടെ മാത്രമല്ല, പൊതുവഴിയും കടന്നാണ് കടുവ സഞ്ചരിക്കുന്നത്. രണ്ട് കെണിക്കൂടുകളാണ് തോട്ടം മേഖലകളിൽ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ ആടിനെയും കെട്ടിയിട്ടുണ്ട്. ഇന്നലെ രണ്ട് കൂടുകൾ കൂടി സ്ഥലത്ത് കൊണ്ടുവന്നു, ഇവയും ഉടൻ തന്നെ സ്ഥാപിക്കും.
ഇതിനു പുറമെ മുത്തങ്ങ ആനക്യാന്പിൽ നിന്നു കുഞ്ചു എന്ന കുങ്കിയാനയെയും എത്തിയിട്ടുണ്ട്. മയക്കുവെടി വിദഗ്ധൻ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും എത്തി. ഇവരും ഉൾപ്പെട്ട സംഘമാകും ഇനി തെരച്ചിൽ നടത്തുക.
വന്യമൃഗങ്ങളെ തുരത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച കൊന്പനാനകളാണ് കുങ്കിയാനകൾ. ഇതിന്റെ പുറത്ത് കയറി കടുവയെ കണ്ടെത്തി മയക്കുവെടി വച്ച് പിടികൂടാനാണ് വനപാലകരുടെ ശ്രമം. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നു.
കഴിഞ്ഞ ദിവസം സമീപ പ്രദേശത്തെ പുൽമേട്ടിൽ വിശ്രമിക്കുന്ന കടുവയുടെ ദൃശ്യം ഡ്രോണ്‍ കാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ ഇത് നരഭോജികടുവയാണോ മറ്റൊന്നാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരീക്ഷണത്തിനായി 20 ടൈഗർ ട്രാപ്പ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
കാമറയിൽ പലതവണ കടുവയുടെ ചിത്രം ലഭിച്ചിരുന്നു. പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണവും നടക്കുന്നുണ്ട്. കടുവയുടെ സഞ്ചാരപഥം ഏറിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.