പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇതുവരെയും തുരത്താനായില്ല. കാപ്പിപ്പാടി കോളനിയിലാണ് കടുവയെ അവസാനമായി കണ്ടത്. കടുവയെ പിടികൂടുംവരെ ആളുകൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ ഉത്തരവ് കിട്ടിയാൽ മയക്കുവെടിവച്ച് പിടികൂടുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിൽ പടക്കം പൊട്ടിച്ച് കടുവയെ തുരത്താൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ചുറ്റുവട്ടത്ത് കോളനിയടക്കമുള്ള ജനവാസ കേന്ദ്രമായതിനാൽ ഓടിച്ച് വനത്തിലേക്ക് കയറ്റാൻ കഴിയാത്ത അവസ്ഥായാണുള്ളതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.