കുറുക്കൻമൂല: ബേഗൂർ റേഞ്ചിന് കീഴിലെ തൃശിലേരി സെക്ഷനിലെ കുറുക്കൻമൂല കൊതംന്പറ്റ കോളനിയിലെ ബാബുവിന്റെ ഒന്നരവയസ് പ്രായമുള്ള പശുവിനെ കടുവ കൊന്നു.
വനമേഖലയോട് ചേർന്ന വയൽ പ്രദേശത്തായിരുന്നു പശുവിനെ മേയാൻ വിട്ടിരുന്നത്. ഈ വനമേഖലയിൽ കടുവയുടെ സാന്നിധ്യം മുന്പും സ്ഥിരീകരിച്ചതാണെന്ന് വനപാലകർ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ കടുവയുടെ ആക്രമണം ഉണ്ടായിട്ടും പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ വീഴ്ച വരുത്തിയതായി കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യൻ ആരോപിച്ചു.
എന്നാൽ കടുവ പശുവിന്റെ ജഡം രാത്രിയെത്തി കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനാലാണ് ജഡം വയലിൽതന്നെ സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് വനപാലകർ പറഞ്ഞത്.
കഴിഞ്ഞ നവംബറിൽ നാട്ടിലിറങ്ങിയ കടുവ ഒരു മാസത്തോളം പ്രദേശത്ത് ഭീതി പരത്തിയിരുന്നു. 17 വളർത്തു മൃഗങ്ങളെയാണ് അന്ന് കടുവ കൊന്ന് ഭക്ഷിച്ചത്.
ഇതിനെ മയക്കുവെടിവച്ച് പിടിക്കാനുള്ള നീക്കം വിജയിച്ചിരുന്നില്ല. കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കടുവ പിന്നീട് കാടുകയറുകയായിരുന്നു.