കടുവാക്കുളത്തു പോലീസ് എന്ന വ്യാജേന റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതു കൊല്ലാട് സ്വദേശി രവിയാണെന്നു പോലീസ്. ഇയാൾ പോലീസ് യൂണിഫോമിൽ ദിവസങ്ങളോളം കറങ്ങി നടന്നിട്ടും വാഹന പരിശോധന നടത്തുന്ന പോലീസ് അറിഞ്ഞില്ല.
ഇതേ കേസിൽ അറസ്റ്റിലായ അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി. ഷൈമോൻ (40), മൂലേടം കുന്നന്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും.
ആകെ ഒന്പത് പ്രതികളുള്ള കേസിൽ തട്ടിപ്പിനു നേതൃത്വം നൽകിയ രവി അടക്കം ആറു പേർകൂടി ഇനിയും പിടിയിലാകാനുണ്ട്. ട്രാഫിക് പോലീസിലേക്കു നിയമനം എന്ന പേരിലാണ് പണം വാങ്ങി ടെസ്റ്റും റിക്രൂട്ട്മെന്റും സംഘം നടത്തിയത്.
പോലീസായി കറക്കം
പോലീസ് പറയുന്നത് ഇങ്ങനെ: വർഷങ്ങൾക്കു മുന്പ് കൊല്ലാട്ടുനിന്നു വിവാഹം കഴിച്ച ഇയാൾ പിന്നീട് ഇവിടെത്തന്നെ സ്ഥിരതാമസമാകുകയായിരുന്നു. പോലീസ് യൂണിഫോമിൽ, തിരുവനന്തപുരം രജിസ്ട്രേഷൻ നന്പരുള്ള വാഹനത്തിലാണ് രവിയുടെ കറക്കം.
പോലീസിന്റെ വാഹനമാണെന്നു തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് തിരുവനന്തപുരം രജിസ്ട്രേഷൻ നന്പരുള്ള വാഹനത്തിൽ കറങ്ങിയിരുന്നത്. നേരത്തെ പോലീസ് യൂണിഫോമിൽ കറങ്ങി നടന്നതിനു രവിയെ നാട്ടുകാർതന്നെ പിടികൂടിയിരുന്നു. പോലീസ് യൂണിഫോമിൽ കൊല്ലാടു ഭാഗത്തു വാഹന പരിശോധന നടത്തിയിരുന്ന രവിക്കെതിരെ 10 വർഷം മുൻപ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്വന്തം പെറ്റി ബുക്ക്
പോലീസ് കസ്റ്റഡിയിലുള്ള ഷൈമോൻ വർഷങ്ങളായി പോലീസാണെന്നാണ് നാട്ടുകാരെ ധരിപ്പിച്ചിരിക്കുന്നത്. പോലീസ് കോണ്സ്റ്റബിളിന്റെ പിഎസ്സി പരീക്ഷ എഴുതിയതിനു ശേഷം താൻ പോലീസായെന്ന രീതിയിലായിരുന്നു ഷൈമോന്റെ നടപ്പും പെരുമാറ്റവും. പോലീസിന്റെ പെറ്റി രസീത് ബുക്ക് സ്വന്തമായി അച്ചടിച്ചിരുന്ന ഷൈമോൻ ഇത് ഉപയോഗിച്ചു വാഹന പരിശോധനയും നടത്തിയിരുന്നു. കോട്ടയം കുന്നന്പള്ളി സ്വദേശിനിയായ സനിതാ മോളും പോലീസ് യൂണിഫോമിൽ പലതവണ നാട്ടിലൂടെ കറങ്ങിയിട്ടുണ്ട്.
വ്യാജ ഐജി
ഐജിയുടെ വ്യാജ ലെറ്റർ പാഡ് നൽകിയാണ് സ്കൂൾ ഗ്രൗണ്ട് തരപ്പെടുത്തിയത്. പോലീസ് റിക്രൂട്ട്മെന്റ് സംഘത്തിൽ എസിപി എന്ന് അറിയപ്പെട്ടിരുന്ന രവി സ്കൂൾ അധികൃതർക്ക് ഐജിയുടെ പേരിലാണു കത്തു നൽകിയത്. ഒറിജനൽ പോലീസ് തേടിയെത്തിയപ്പോഴാണ് ഗ്രൗണ്ടിൽ റിക്രൂട്ട്മെന്റ് നടത്തിക്കൊണ്ടിരുന്നതു വ്യാജപോലീസാണെന്നു സ്കൂൾ അധികൃതരും അറിഞ്ഞത്.
ട്രാഫിക് പോലീസിന്റെ ട്രാഫിക് ട്രെയിനിംഗ് പോലീസ് ഫോഴ്സിലേക്ക് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നു എന്ന പേരിലായിരുന്നു പരീക്ഷയും പരിശീലനവും എല്ലാം അരങ്ങേറിയിരുന്നത്. പോലീസ് റിക്രൂട്ട്മെന്റിന്റെ അതേ മാതൃകയിലായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ഇടപാടുകളും.
പിഎസ്സിയുടെ മാതൃകയിൽ ഒഎംആർ പരീക്ഷ നടത്തുമെന്നായിരുന്നു ഉദ്യോഗാർഥികൾക്കു തട്ടിപ്പുകാർ നൽകിയ അറിയിപ്പ്. പക്ഷേ, 28ന് എത്തിയ പരീക്ഷാർഥികൾക്കു നൽകിയ ചോദ്യക്കടലാസിൽതന്നെ ശരിയിട്ട് ഉത്തരം രേഖപ്പെടുത്താനാണ് നിർദേശം നൽകിയത്. എന്നിട്ടും ഉദ്യോഗാർഥികൾക്ക് ഇതു തട്ടിപ്പാണെന്നു തിരിച്ചറിയാനായില്ല.
പരീക്ഷ എഴുതിയ സമയത്ത് 200 രൂപ വീതം വാങ്ങിയിരുന്നു. ഈ പരീക്ഷ എഴുതിയ 76 പേരിൽ 15 പേരെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. ഇവർക്കാണ് സ്കൂൾ ഗ്രൗണ്ട് തരപ്പെടുത്തി ട്രെയിനിംഗും മറ്റും നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾ അടക്കമുള്ളവർക്ക് ഗ്രൗണ്ടിനു ചുറ്റും ഒാട്ടവും മറ്റു ട്രെയിനിംഗുകളും നടത്തി. പൊരിഞ്ഞ വെയിലത്തായിരുന്നു ഈ പരിശീലനം നൽകൽ. ഇതിനിടെ, യൂണിഫോമിനെന്ന പേരിൽ 3,000 രൂപ വീതം തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്നു വാങ്ങിയിരുന്നു.
ഒറിജനൽ തട്ടിപ്പ്
പോലീസിന്റെ അതേ രീതിയിലായിരുന്നു തട്ടിപ്പുകാരുടെ പെരുമാറ്റം. ഉയർന്ന ഉദ്യോഗസ്ഥരെന്നു പറയുന്നവരെ സല്യൂട്ട് ചെയ്യാനും അവരോടു ബഹുമാനത്തോടെ പെരുമാറാനുമൊക്കെ മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നു. വനിതാ പോലീസും ഒപ്പമുണ്ടായിരുന്നതിനാൽ ഉദ്യോഗാർഥികൾക്കു ചെറിയ സംശയം പോലും തോന്നിയിരുന്നില്ല.
ഒടുവിൽ ഒറിജിനൽ പോലീസ് ഗ്രൗണ്ട് വളഞ്ഞു പ്രതികളെ പിടിച്ചപ്പോഴാണ് തങ്ങൾ തട്ടിപ്പിന് ഇരയാവുകയായിരുന്നുവെന്ന് ഇവർക്കു മനസിലായത്. പിടികൂടാനുള്ള പ്രതികൾക്കു വേണ്ടി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇവർ മറ്റെവിടെങ്കിലും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.