ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നും ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡ് പിടികൂടിയ കടുവ തോൽ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടത്താൻ കൊണ്ടുവന്നതാണെന്ന് സൂചന. ഇതുസംബന്ധിച്ച് പിടിയിലായ പ്രതിയുടെ മൊഴിപ്രകാരം സേലം സ്വദേശിയിലേക്ക് അന്വേഷണം ആരംഭിച്ചു. വിദേശ രാജ്യങ്ങളിൽ കടുവ തോലിന് ലക്ഷങ്ങൾ മോഹവിലമതിക്കുമെന്നാണ് അറിയുന്നത്.
ഇത്തരത്തിൽ പത്തുമുതൽ 15 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നു കരുതുന്ന കടുവ തോലാണ് ആലുവയിൽ പിടികൂടിയത്. തിരുവനന്തപുരം കാരോട് ചെങ്കവിള സി. വിൻസി (32) നെ കുറുപ്പംപടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ റിമാൻഡ് ചെയ്തു. മൃഗങ്ങളുടെ തോൽ കടത്തുന്ന വൻ സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി നേരത്തെ ഫോറസ്റ്റ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നതാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുൻപ് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും നാലംഗ സംഘത്തെ കടുവാ തോലുമായി പിടികൂടുകയും ചെയ്തിരുന്നു. വിദേശ വിനോദ സഞ്ചാരികൾ താമസിക്കുന്ന വർക്കലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചായിരുന്നു ഈ സംഘത്തിന്റെ മൃഗതോൽ വിൽപന നടന്നിരുന്നത്. വനത്തിൽ നിന്നും വേട്ടയാടിപിടിക്കുന്ന മൃഗങ്ങളുടെ തോൽ രഹസ്യകേന്ദ്രങ്ങളിൽ ഉണക്കി സൂക്ഷിച്ചാണ് സംഘം വിൽപന നടത്തി വന്നിരുന്നത്.
ഇതു കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സുരക്ഷിതമായി വിദേശത്തേയ്ക്ക് കടത്താനുള്ള ലോബിയും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. ഇത്തരം ലോബികളുടെ കരിയർമാരിൽ ഒരാളാണ് പിടിയിലായ വിൻസിയെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സേലം സ്വദേശിയായ ഒരാൾ പിതാവിന് നൽകാനുള്ള പണത്തിന് പകരം നൽകിയതാണ് കടുവാതോൽ എന്നാണ് ഇയാൾ വെളിപ്പെടുത്തിയത്.
എന്നാൽ ഈ മൊഴി പൂർണമായും അധികൃതർ വിശ്വാസത്തിലെടുത്തിട്ടില്ല. അഞ്ചു വർഷത്തോളം പഴക്കമുള്ള കടുവാതോലുമായി പിടിയിലായ പ്രതിയുടെ മൊഴി പ്രകാരം സേലം സ്വദേശിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പെരുന്പാവൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എക്സ്. ജയൻ രാഷ്ട്രദീപികയോടു പറഞ്ഞു. വിദേശത്തേയേക്ക് കടത്താനുള്ള പദ്ധതിയെക്കുറിച്ചും അന്വേഷിക്കുമെന്നും ഓഫീസർ കൂട്ടിച്ചേർത്തു.