ഡോ കഫീല്‍ ഖാനോട് യോഗി ആദിത്യനാഥിന്റെ ക്രൂരത! ആറുമാസമായി ജാമ്യവും സന്ദര്‍ശകരെയും അനുവദിക്കാതെ ജയില്‍വാസം; ഗോരഖ്പൂര്‍ ദുരന്തത്തില്‍ രക്ഷകനായി അവതരിച്ച ഡോ കഫീല്‍ ഖാന്റെ നിലവിലെ അവസ്ഥ ഇങ്ങനെ

പുറത്തുനിന്ന് സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ചെന്നും നിങ്ങളൊരു താരമായെന്നുമാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി, നിങ്ങള്‍ ഇതിനനുഭവിക്കും എന്നാണ് യോഗി ആദിത്യനാഥ് യുവ ഡോക്ടര്‍ കഫീല്‍ഖാനോട് പറഞ്ഞത്. ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞ നൂറുകണക്കിന് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോ. കഫീല്‍ഖാനോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിനുശേഷം ചെയ്തുകൊണ്ടിരിക്കുന്ന കൊടും ക്രൂരതയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

യുപിയില്‍ ശിശുമരണത്തില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ച ഡോക്ടര്‍ കഴിഞ്ഞ ആറുമാസമായി ജയിലിലാണ്. ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 കുട്ടികള്‍ ഓക്സിജന് കിട്ടാതെ മരിച്ച സാഹചര്യത്തില്‍ സമയോചിത ഇടപെടല്‍ നടത്തി കുരുന്നുകളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറെ അഭിനന്ദിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തുകയാണ് യുപി മുഖ്യമന്ത്രി യോഗി അന്ന് ചെയ്തത്.

കഫീല്‍ ഖാനെ യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ആ സമയത്ത് കഫീല്‍ ഖാനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു എന്ന് ദ സിറ്റിസണ്‍ പറയുന്നു. അവര്‍ എന്റെ പിന്നാലെയുണ്ട്, എനിക്ക് ഒന്നും സംസാരിക്കാനാവില്ല എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. കഫീല്‍ വളരെയധികം ഭയപ്പെട്ടിരിക്കുന്നതായും അദ്ദേഹം വലിയ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ സിറ്റിസണിനോട് പറഞ്ഞിരുന്നു.

അത്യാഹിതം നടക്കുന്ന സമയത്ത് കുട്ടികളുടെ വാര്‍ഡിന്റെ ചുമതല കഫീല്‍ ഖാനായിരുന്നില്ല. എന്നാല്‍ അദ്ദേഹം രാത്രി മുഴുവന് ഉറങ്ങാതെ ജോലി ചെയ്ത് പരിഹാരം കണ്ടെത്തി. സ്വന്തം പണം ചിലവാക്കിയാണ് കഫീല്‍ ഖാന്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചത്. ടിവി ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഓക്സിജന്‍ സിലിണ്ടറിന് സ്വകാര്യ ഏജന്‍സിക്ക് കൊടുക്കാനുള്ള പണം നല്‍കാത്തത് കൊണ്ടാണ് പുതിയ സിലിണ്ടുകള്‍ എത്താതിരുന്നതെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ഈ സത്യം പുറത്തായതാണ് ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ യോഗി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഏകദേശം ആറു മാസത്തോളമായി ജാമ്യം ലഭിക്കാതെ അദ്ദേഹം ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹം ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. മറ്റ് രണ്ട് ഡോക്ടര്‍മാര്‍ക്കൊപ്പം കഴിഞ്ഞ സെപ്റ്റംബറില്‍ കഫീല്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം മറ്റ് രണ്ട് ഡോക്ടര്‍മാരുടെ കൂടെ നിന്ന് അദ്ദേഹത്തെ ജയിലിലെ ജനറല്‍ ക്രിമിനല്‍ വാര്‍ഡിലേയ്ക്ക് മാറ്റി.

കഫീല്‍ ഖാന്‍ അമിത സമ്മര്‍ദ്ദവും അസുഖവുമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ജയിലില്‍ ചെന്ന് കാണാന് കുറച്ച് ദിവസങ്ങളായി ആരെയും അധികൃതര്‍ അനുവദിക്കുന്നില്ല. ആറുമാസമായിട്ടും ജാമ്യം പോലും അനുവദിക്കുന്നില്ലെന്നതാണ് ഏറ്റവും ഗുരുതര വിഷയമായി പറയുന്നത്. ഇനിയിപ്പോ മനുഷ്യാവകാശ സംഘടനകളിലാണ് കഫീല്‍ ഖാന്റെ അഭ്യുതയകാംക്ഷികളുടെ പ്രതീക്ഷ.

 

Related posts