കൊച്ചി: വീട്ടുജോലിക്കു നിന്ന കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ അറുപതുകാരന്റെ ഭാര്യയായ വനിതാ ക്ഷേമ സമിതി അധ്യക്ഷ ഒളിവില്‍.
സംഭവവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി പാവോത്തിത്തറ പോളിനെയാണ് കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമസമിതി അധ്യക്ഷയുമായ സെലിനാണ് സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയത്.
ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായി പോലീസ് പറഞ്ഞു. പോളിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടി നേരിട്ടത് കൊടിയ പീഡനം
കര്‍ണാടകയില്‍ നിന്ന് 2015-ലാണ് പെണ്‍കുട്ടിയെ ജോലിക്കായി ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്.
അന്ന് പെണ്‍കുട്ടിക്ക് 15 വയസായിരുന്നു. മാതാവു മരിച്ച പെണ്‍കുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് വില്‍ക്കുകയായിരുന്നുവെന്നും പറയുന്നു.
പകല്‍ സമയത്ത് വീട്ടു ജോലി ചെയ്യിക്കലും രാത്രിയില്‍ ലൈംഗിക പീഡനവുമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത്.
വീടിനോട് ചേര്‍ന്ന് പോള്‍ കാറ്ററിംഗ് സര്‍വീസ് നടത്തിയിരുന്നു. ഇവിടത്തെ ജോലിയും പെണ്‍കുട്ടിയെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നു.
സമീപ സ്ഥലങ്ങളില്‍ ഭക്ഷണവിതരണത്തിനും വിടുമായിരുന്നു. പോളിന്റെ മകളുടെ വീട്ടിലെയും ജോലി ചെയ്യിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനു നല്കിയ മൊഴിയിലുണ്ട്.
കഴിഞ്ഞ ദിവസം ഉപദ്രവം സഹിക്കാതെ വന്നപ്പോള്‍ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ വനിതാസെല്ലില്‍ വിവരം അറിയിച്ചു.
പോലീസെത്തിയപ്പോഴാണ് വര്‍ഷങ്ങളായി പെണ്‍കുട്ടി അനുഭവിക്കുന്ന ക്രൂര പീഡനത്തിന്റെ കഥ പുറംലോകം അറിഞ്ഞത്.
കേട്ടത് സെലിന്റെ വനിതാ അവകാശങ്ങളെ കുറിച്ചുള്ള പ്രസംഗം
വനിതാദിനത്തില്‍ വനിതാക്ഷേമ സമിതി നടത്തിയ ചടങ്ങില്‍ കേട്ട സെലിന്റെ പ്രസംഗമാണ് പെണ്‍കുട്ടിയെ എല്ലാം തുറന്നുപറയാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.
പരിപാടിയില്‍ ചായ വിതരണത്തിന് എത്തിയതായിരുന്നു പെണ്‍കുട്ടി. ആ സമയത്താണ് സെലിന് നടത്തിയ വനിതകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രസംഗം കേട്ടത്.
തുടര്‍ന്നാണ് താന്‍ നേരിടുന്ന ക്രൂര പീഡനം പെണ്‍കുട്ടി പുറം ലോകത്തെ അറിയിച്ചത്.