കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഓട്ടോഡ്രൈവർക്കെതിരേ കേസ് കൊടുത്തിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് യുവതിയുടെ ആക്ഷേപം.
കഴിഞ്ഞ ആറു മാസമായി പരാതി കൊടുത്ത് കേസെടുത്തിട്ടും അന്വേഷണം കൃത്യമായ രീതിയിൽ നടക്കുന്നില്ലെന്ന് ചക്കരക്കൽ സ്വദേശിനിയായ 23 കാരി പത്രസമ്മേളനത്തിൽ ആരോപിച്ചു.
നടുവിൽ സ്വദേശിയായ എം.പി.ജലീൽ(26) വീട്ടിൽ വരികയും ഇയാളുടെ വിവാഹവാഗ്ദാനം വിശ്വസിച്ച് ഇയാളുടെ ഓട്ടോയിൽ പലയിടത്തും പോകുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.
കേസ് ഒതുക്കിത്തീർക്കാൻ ജലീലിൽനിന്ന് പോലീസ് കൈക്കൂലി വാങ്ങിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞു.
സെപ്റ്റംബർ ഒന്പതിന് എസ്പി ഓഫീസിൽ വച്ച് നടത്തിയ ചർച്ചയിൽ തന്നെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചിരുന്നെങ്കിലും ജലീലും കുടുംബവും ഇപ്പോൾ അതിന് തയാറാകുന്നില്ലെന്നും യുവതി പറഞ്ഞു.
കേസ് കൊടുത്തോളൂ ,സ്ത്രീധനം പോര തുടങ്ങിയ മറുപടിയാണ് ഇയാളും കുടുംബവും പറയുന്നതെന്നും യുവതി ആരോപിക്കുന്നു.
കേസ് അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നതെന്നും യുവതി പറഞ്ഞു.