കോലഞ്ചേരി: ഇടതുകൈപ്പത്തിയുടെ പകുതിഭാഗത്തോളം പൂർണമായും അറ്റുപോയ നിലയിൽ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ ശസ്ത്രക്രിയ പ്ലാസ്റ്റിക് ആൻഡ് മൈക്രോവാസ്കുലാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി.
വാളകത്ത് തടിമില്ലിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ഉച്ചമാൻ അലി (31) എന്ന അതിഥിതൊഴിലാളിക്കാണ് ജോലിക്കിടെ അപകടം സംഭവിച്ചത്.
യന്ത്രത്തിൽ കുരുങ്ങി ഇടതു കൈപ്പത്തിയുടെ തള്ളവിരലും ചൂണ്ടുവിരലും ഉൾപ്പെട്ട ഭാഗം പൂർണമായും മുറിഞ്ഞു പോയ നിലയിലായിരുന്നു.
വേർപ്പെട്ട ഭാഗവുമായി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു.
എട്ടു മണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്കൊടുവിലാണ് അറ്റുപോയ ഭാഗം വിജയകരമായി തുന്നിച്ചേർത്തത്.
പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. എം. രാഹുൽ, ഡോ. എസ്. അനൂപ്, ഡോ. എം.എസ്. സാന്റ, ഡോ. അഞ്ജു സാറാ ബാബു, ജിത്തു പോൾ, ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. ലിബിൻ തോമസ്, ഡോ. ശീതൾ സൂസൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ശാലു, ഡോ. പ്രിൻസി, ഡോ. സ്കറിയ ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.