പാലാ: എന്തു കാര്യവും ചെയ്തു തരും. പക്ഷേ, ചെലവ് ചെയ്യണം. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയ രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരേ മുന്പും നിരവധി പരാതികൾ.
രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും പെരുവ സ്വദേശിയുമായ കെ.ജെ. ബിജുവിനെയാണ് ഇന്നലെ ഡിവൈഎസ്പി വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചെലവ് ചെയ്യണം എന്നു പറഞ്ഞാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. ആളുകളെ ഭീഷണിപ്പെടുത്തിയും പണം കൈപ്പറ്റിയിരുന്നതായി നിരവധിയാളുകൾ പറയുന്നു.
ഇന്നലെ രാത്രി 7.30ന് രാമപുരം അന്പലം ജംഗ്ഷനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നും വിജിലൻസ് നൽകിയ ഫിനോഫ്തലീൻ പൗഡർ പുരട്ടിയ 5000 രൂപ തെളിവു സഹിതം പിടിച്ചെടുത്തു. രാമപുരം നീറന്താനം മെതിപാറ ജസ്റ്റിൻ സ്വന്തം സ്ഥലത്ത് വീട് പണിയുന്നതിന് പാറപൊട്ടിച്ചിരുന്നു.
ജിയോളജി വകുപ്പിന്റെ അനുമതിയോടെയായിരുന്നു ഇത്. സ്ഥലം കണ്ടെയ്ൻമെന്റ് സോണായതിനാൽ ജിയോളജിയുടെ പാസിന്റെ കാലാവധിക്കുള്ളിൽ പാറ നീക്കം ചെയ്യാൻ പറ്റാതെ വന്നു. തുടർന്ന് ഇതു നീക്കം ചെയ്യുന്നതിന് അനുമതിക്കായി രാമപുരം പോലീസ് സ്റ്റേഷനിൽ അപേക്ഷ നൽകി.
പോലീസ് ബുദ്ധിമുട്ടിക്കാതെ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ എഎസ്ഐ ബിജു ഇതിനായി ചിലവ് ചെയ്യേണ്ടതുണ്ടെന്നും അറിയിച്ചു. ഇതിനായി 15,000 രൂപയാണ് ആവശ്യപ്പെട്ടത്.കഴിഞ്ഞ 19ന് ജസ്റ്റിനിൽനിന്ന് ഇയാൾ 3000രൂപ കൈപറ്റിയിരുന്നു.
തുടർന്ന് വീണ്ടും ബാക്കി പണത്തിനുവേണ്ടി നിരന്തരം ഫോണ് വിളിച്ചു. അത്രയും തുക നൽകാൻ തന്റെ കൈയ്യിൽ ഇല്ലെന്നു ജസ്റ്റിൻ അറിയിച്ചു.
5000 രൂപയെങ്കിലും കിട്ടിയേ തീരൂ എന്നായി എഎസ്എ ബിജു. സഹികെട്ട ജസ്റ്റിൻ വിജിലൻസ് എസ്പി വി.ജി. വിനോദ്കുമാറിനു പരാതി നൽകുകയായിരുന്നു.
ഇൻസ്പെക്ടർമാരായ റജി എം. കുന്നിപ്പറന്പൻ, കെ.എൻ. രാജേഷ്, എസ്.ആർ. നിസാം, സജു എസ്. ദാസ്, കെ.ബി. മനോജ് കുമാർ, എം.കെ. പ്രശാന്ത്കുമാർ എന്നിവരുൾപ്പെട്ട സംഘം ഫിനോഫ്തലീൻ പൗഡർ പുരട്ടിയ 5000 രൂപ ജസ്റ്റിനെ ഏൽപ്പിക്കുകയും തുടർന്നു തെളിവോടെ ബിജുവിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ ഇന്നു തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.