കോഴിക്കോട്: കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട സബ് രജിസ്ട്രാറെ സർവീസിൽനിന്ന് പരിച്ചുവിട്ടു. കോഴിക്കോട് ചേവായൂർ സബ് രജിസ്ട്രാറായിരിക്കെ വിജിലൻസ് പിടികൂടിയ പി.കെ. ബീനയെയാണ് പിരിച്ചുവിട്ടത്.
ബീന കുറ്റക്കാരിയാണെന്നു കണ്ടെത്തി 2020 ജൂൺ 26ന് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. ഏഴ് വർഷം കഠിനതടവും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമായിരുന്നു ശിക്ഷ. തുടർന്നു ഹൈക്കോടതിയിൽ ബീന അപ്പീൽ സമർപ്പിച്ചു.
വിജിലൻസ് പിടിയിലായത് മുതൽ ബീന സസ്പെൻഷനിലായിരുന്നു. ശിക്ഷിക്കപ്പെട്ടശേഷവും സസ്പെൻഷൻ തുടർന്നു. ജാമ്യത്തിലിറങ്ങിയശേഷം വകുപ്പുതലത്തിൽ കാരണം കാണിക്കൽ നോട്ടീസിന് ബീന മറുപടി നൽകി.
അപ്പീൽ സമർപ്പിച്ചതിനാൽ പിരിച്ചുവിടരുതെന്നാണ് ബീന വകുപ്പിനോട് ആവശ്യപ്പെട്ട്.കേസിൽ താൻ നിരപരാധിയാണെന്നും ഇക്കാര്യം മേൽക്കോടതിയിൽ തെളിയിക്കാനാവുമെന്നും അവർ പറഞ്ഞു.
എന്നാൽ ചട്ടപ്രകാരം ബീനയെ സർവീസിൽനിന്ന് നീക്കാൻ വകുപ്പ് തലത്തിൽ തീരുമാനിക്കുകയായിരുന്നു. ബീന കുറ്റക്കാരിയല്ലെന്ന് മേൽക്കോടതി വിധിച്ചാൽ അവരെ സർവീസിൽ തിരിച്ചെടുക്കുമെന്നു വിജ്ഞാപനത്തിൽ പറയുന്നു.