കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയർന്ന പോലീസുകാരനു സസ്പെൻഷൻ. സിഐയുടെ ഡ്രൈവർ പ്രദീപിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ശ്രീജിത്തിനെ മോചിപ്പിക്കുന്നതിനായി പ്രദീപ് 15,000 രൂപ വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. 25,000 രൂപയാണ് പോലീസ് കൈക്കൂലി ആവശ്യപ്പെട്ടത്. 15,000 രൂപ ശ്രീജിത്തിന്റെ ബന്ധു സിഐയുടെ ഡ്രൈവറുടെ കൈവശം നൽകി. ശ്രീജിത്തിനെ മോചിപ്പിക്കാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടശേഷം ഈ പണം ഇടനിലക്കാർ വഴി പോലീസ് തിരികെ നൽകിയെന്നും ആരോപിക്കുന്നു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ നാലു പോലീസുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തിരുന്നു. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജയാനന്ദൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുനിൽ ബേബി, സുനിൽകുമാർ, ശ്രീരാജ് എന്നിവരെയാണ് പുതിയതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെയും പ്രതി ചേർത്ത വിവരം പറവൂർ മജിസ്ട്രേറ്റ് കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
അവധിയിലായിരുന്ന എസ്ഐ ദീപക് സ്റ്റേഷനിലെത്തിയാണ് ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. എസ്ഐ അവധിയിലായിരുന്നതിനാൽ ഗ്രേഡ് എസ്ഐ ജയനന്ദനായിരുന്നു സ്റ്റേഷന്റെ ചുമതല. സംഭവം നടക്കുന്പോൾ സ്റ്റേഷൻ ചുമതലയുണ്ടായിരുന്നയാൾ എന്ന നിലയ്ക്കാണ് ജയാനന്ദൻ പ്രതിയായത്. ജയാനന്ദന് പുറമേ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥരെയും കൂടി അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുൻ റൂറൽ എസ്പി എ.വി.ജോർജിനെ അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. ജോർജിനെ പ്രതിയാക്കുന്ന കാര്യം അന്വേഷണ സംഘം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും അന്വേഷണ സംഘം മുന്നോട്ടുപോവുക.