കാഞ്ഞിരപ്പള്ളി: ശസ്ത്രക്രിയ യ്ക്ക് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു.
സർജൻ ഡോ. എം.എസ്. സുജിത് കുമാറിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.
മുണ്ടക്കയം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന് ഹെർണിയ ഓപ്പറേഷനു വേണ്ടി 15ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഡോ. സുജിത് കുമാറിനെ കാണുകയുണ്ടായി.
പരിശോധനയ്ക്കുശേഷം അടിയന്തരമായി ഓപ്പറേഷൻ നടത്തണമെന്നും ഡോക്ടർ അറിയിച്ചു. ഹെർണിയ ഓപ്പറേഷൻ ചെയ്യുന്നതിന് ഫീസ് 5,000 രൂപ ഉണ്ടെന്നും അഡ്വാൻസ് നൽകിയാൽ നാളെത്ത ന്നെ അഡ്മിറ്റ് ചെയ്യാമെന്നും ഡോക്ടർ പറഞ്ഞു.
അന്നു തന്നെ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തെത്തി 2,000 രൂപ നൽകിയതിനെ തുടർന്ന് 16ന് പിതാവിനെ അഡ്മിറ്റ് ചെയ്യുകയും 18ന് ഓപ്പറേഷൻ നടത്തുകയും ചെയ്തു.
തുടർന്ന് 20ന് പരിശോധനയ്ക്കെത്തിയ സമയം പരാതിക്കാരനോട് ബാക്കി തുക തന്നില്ലെന്നും 3,000 രൂപ കൂടി അടിയന്തരമായി നൽകണമെന്നും ഡോക്ടർ പറഞ്ഞു.
പരാതിക്കാരൻ കോട്ടയം വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോട്ടയം വിജിലൻസ് റേഞ്ച് ഡിവൈഎസ്പി പി.സി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകുന്നേരം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിൽ പരാതിക്കാരനിൽനിന്ന് 3,000 രൂപ കൈക്കൂലി വാങ്ങവെ ഡോ. സുജിത്തിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോട്ടയം വിജിലൻസ് കോടതി മുന്പാകെ ഹാജരാക്കും.