വൈക്കം: ശസ്ത്രക്രിയ നടത്തുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ വൈക്കം താലൂക്ക് ആശുപത്രിയിലെ സര്ജന് ഡോ. എസ്. ആര്. ശ്രീരാഗിനെ കോട്ടയം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീരാഗിനെ കൊച്ചുകവലയിലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്തുനിന്നും അറസ്റ്റ് ചെയ്തത്. തലയാഴം സ്വദേശിയുടെ അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ്ക്കായി ഡോക്ടര്‍ 5000രൂപ ആവശ്യപ്പെട്ടെന്നും 2500രൂപ നല്കി ശസ്ത്രക്രിയ നടത്തിയെന്നും രോഗിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
പിന്നീട് വയറുവേദനയ്ക്ക് ശമനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഒരു ശസ്ത്രക്രിയകൂടി ചെയ്യണമെന്നും അതിനായി 2500 രൂപ കൂടിനല്കണമെന്നും ഡോക്്ടര്‍ ആവശ്യപ്പെട്ടതായി രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രോഗിയുടെ ബന്ധുക്കള്‍ നല്കിയ പണമടക്കം ഡോ. ശ്രീരാഗിനെ വിജിലന്‍സ് അറസ്റ്റു ചെയ്തതത്.ശ്രീരാഗ് മികച്ച ഡോക്ടറാണെന്നും മുമ്പ് രോഗികളോ ജീവനക്കാരോ അദ്ദേഹത്തിനെതിരേ പരാതി പറഞ്ഞിട്ടില്ലെന്നും വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബു പറഞ്ഞു.