കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മാതാവില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആരോപണവിധേയനായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെ ഇന്ന് ചോദ്യം ചെയ്യും.
കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സൈബിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പണം നൽകിയ കക്ഷികളിൽ ഒരാളായ സിനിമ നിർമാതാവിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ദുബായിലായിരുന്ന സിനിമാ നിർമാതാവ് ഇന്നലെ തിരിച്ചെത്തി സിറ്റി പോലീസ് കമ്മീഷണർക്കാണ് മൊഴി നൽകിയത്. സംഭവത്തിൽ അഭിഭാഷകർ ഉൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഈയാഴ്ച തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് നൽകാനാണ് പോലീസ് നീക്കം.
തെളിവുണ്ടെന്ന് റിപ്പോർട്ട്
സൈബി ജോസ് കിടങ്ങൂർ തന്റെ കക്ഷികളിൽ നിന്ന് വൻ തുകകൾ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മൂന്നു ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ ഇയാൾ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു.
സൈബിക്കെതിരെ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ചീഫ് ജസ്റ്റീസിന്റെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തി കഴിഞ്ഞ ഡിസംബറിലാണ് വിജിലൻസ് രജിസ്ട്രാർ റിപ്പോർട്ടു നൽകിയത്.
ഈ റിപ്പോർട്ട് തുടർ നടപടികൾക്കായി ഡിജിപിക്കു കൈമാറിയതോടെയാണ് സംഭവത്തിൽ പ്രാഥമികാന്വേഷണം പോലീസ് ആരംഭിച്ചത്.
നാല് അഭിഭാഷകരുടെ മൊഴി
ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനു പുറമേ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എ.എ. സിയാദ് റഹ്മാൻ എന്നീ ജഡ്ജിമാർക്കു നൽകാനെന്ന പേരിലും സൈബി കക്ഷികളിൽനിന്ന് പണം വാങ്ങിയതായി അഭിഭാഷകരിൽ ചിലർ മൊഴി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജസ്റ്റീസ് കുഞ്ഞികൃഷ്ണനു നൽകാനെന്നു പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെന്നും ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന് നൽകാനെന്ന പേരിൽ രണ്ടു ലക്ഷം രൂപയും ജസ്റ്റീസ് സിയാദ് റഹ്മാനു നൽകാനെന്ന പേരിൽ 50 ലക്ഷം രൂപ വാങ്ങിയതായി അറിയാമെന്നാണ് ഹൈക്കോടതിയിലെ നാല് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്.
ഇക്കാര്യം പുറത്തു പറഞ്ഞതിന് സൈബിയും കൂട്ടുകാരും കോടതി പരിസരത്തു വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നു ഒരു അഭിഭാഷകനും വിവരം ജസ്റ്റീസ് കുഞ്ഞികൃഷ്ണനെയും വിജിലൻസ് രജിസ്ട്രാറെയും അറിയിച്ചതിന് സൈബി തന്നെ ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു അഭിഭാഷകനും നൽകിയ മൊഴികളിൽ പറയുന്നു.
ഒരു സിനിമാ നിർമാതാവിനെതിരായ പീഡനക്കേസിൽ ജഡ്ജിക്കു നൽകാനായി സൈബി പണം വാങ്ങിയെന്നും മൊഴിയുണ്ട്.
ആഡംബര ജീവിതം
സൈബിയുടെ വിശ്വാസ്യത സംശയകരമാണെന്നും രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. ധനിക കുടുംബാംഗമല്ല. എന്നാലിപ്പോൾ ആഡംബര ജീവിതമാണ് നയിക്കുന്നത്.
ചലച്ചിത്രതാരങ്ങളടക്കമുള്ളവർ കക്ഷികളാണ്. ജഡ്ജിമാർക്കു നൽകാനെന്ന പേരിൽ ഇയാൾ കക്ഷികളിൽനിന്ന് പണം വാങ്ങിയ നടപടി ജുഡീഷൽ നടപടികളിലുള്ള ഇടപെടലും നീതി നിർവഹണത്തെ തടസപ്പെടുത്തുന്നതുമാണ്.
ആ നിലയ്ക്ക് സൈബിയുടെ പ്രവർത്തനങ്ങൾ അഭിഭാഷക നിയമത്തിലെ സെക്ഷൻ 35 പ്രകാരമുള്ള ഔദ്യോഗിക പെരുമാറ്റദൂഷ്യത്തിന്റെ പരിധിയിൽ വരും.
ജുഡീഷൽ നടപടികളിലുള്ള ഇടപെടൽ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ രണ്ടിലും ഉൾപ്പെടും. ഈ സാഹചര്യത്തിൽ സൈബിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗണ്‍സിലിനെ അറിയിക്കുന്ന കാര്യത്തിലും ഇയാൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കണമെന്നും വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു.