കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിലെ മർമ ചികിത്സാ വിദഗ്ധന് എട്ട് ബാങ്കുകളിൽ അക്കൗണ്ട്. ബാങ്ക് അക്കൗണ്ടുകളിലെ തുക എത്രയെന്ന് തിട്ടപ്പെടുത്തി വരുന്നതേയുള്ളു. ജില്ലാ ആയുർവേദ ആശുപത്രിയിലെ മർമ്മ ചികിത്സാ വിഭാഗം ഡോക്ടർ കാരാപ്പുഴ മാളികപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന ലക്ഷദ്വീപ് തോട്ടത്തിൽക്കര യു.സി. അബ്ദുള്ളയെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ആയുർവേദ ആശുപത്രിയിൽ രോഗിയെ കിടത്തി ചികിത്സിക്കുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു ആശുപത്രിയിൽ നിന്നാണ് ഡോക്ടറെ പിടികൂടിയത്. തോട്ടയ്ക്കാട് സ്വദേശിയായ ശ്രീകുമാർ നല്കിയ പരാതിയിലാണ് അറസ്റ്റ്. വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ശ്രീകുമാർ ആശുപത്രിയിലെത്തി ഡോ. അബ്ദുള്ളയെ കണ്ടിരുന്നു.
10000 രൂപ നൽകിയാൽ തിങ്കളാഴ്ച തന്നെ ചികിത്സ ആരംഭിക്കാനുള്ള സൗകര്യം ചെയ്യാമെന്നും ഡോ. അബ്ദുള്ള പറഞ്ഞു. ഇതോടെ പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം ബ്ലൂ ഫിനോഫ്തലിൻ പൗഡർ ഇട്ട് 5000 രൂപ നല്കി. ആയുർവേദ ആശുപത്രിയിൽ എത്തി ഡോക്ടർക്കു കൈമാറുന്പോഴാണ് പിടിയിലായത്.
കോട്ടയത്തെ ഒരു ലാബിൽ നിന്ന് ഡോക്ടർക്ക് നല്കിയ കമ്മീഷൻ തുകയും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. കമ്മീഷൻ തുക നല്കിയ കവറിന് പുറകിൽ രോഗിയുടെ പേര് എഴുതിയിട്ടുണ്ട്. ഓരോ രോഗിയുടെയും പേര് എഴുതി പ്രത്യേകം കവറിലാണ് കമ്മീഷൻ തുക നല്കുന്നത്. വിജിലൻസ് സംഘം പരിശോധനയിൽ ഡോക്ടറുടെ മേശവലിപ്പിൽ നിന്നും 28,000 രൂപയും, അലമാരയിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. ഡോക്ടറെ ഇന്നു കോടതിയിൽ ഹാജരാക്കും.