കൊച്ചി: മുൻകൂർ ജാമ്യം ലഭിക്കാൻ ഹൈക്കോടതി ജഡ്ജിയ്ക്കെന്ന പേരിൽ കക്ഷിയിൽനിന്ന് അഭിഭാഷകൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണ പരിധിയിൽ വരുന്നവർക്ക് ഇന്നുമുതൽ നോട്ടീസ് നൽകും.
പണം കൈമാറിയെന്ന് കരുതുന്ന ബലാത്സംഗക്കേസിൽ പ്രതിയായ സിനിമാ നിർമാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും.
ഇതിന്റെ ഭാഗമായി ആരോപണത്തിൽ വാസ്തവമുണ്ടെന്ന് തെളിഞ്ഞാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ വേഗത്തിലാക്കാനാണ് പോലീസിന്റെ നീക്കം.
ബലാത്സംഗക്കേസിൽ പ്രതിയായ സിനിമാ നിർമാതാവിന് മുൻകൂർ ജാമ്യം ലഭിക്കാൻ കേസ് പരിഗണിച്ച ജഡ്ജിയ്ക്ക് നൽകാനെന്ന പേരിൽ 25 ലക്ഷം രൂപ അഭിഭാഷകൻ വാങ്ങിയെന്നാണ് ആരോപണം.
കഴിഞ്ഞ നവംബറിൽ ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സമയത്ത് അഭിഭാഷകനെതിരേ ഇതേ ആരോപണം ഉയർന്നിരുന്നു.
ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ സുപ്രധാന ചുമതലയിലുളള അഭിഭാഷകനെതിരേ ഉയർന്ന പരാതി അന്വേഷിക്കാൻ ഹൈക്കോടതി രജിസ്ട്രാറാണ് ഡിജിപിയോട് ആവശ്യപ്പെട്ടത്.
മാസങ്ങൾക്കുമുന്പാണ് സിനിമാ നിർമാതാവ് പ്രതിയായ ബലാത്സംഗക്കേസ് കൊച്ചി സിറ്റി പോലീസ് രജിസ്റ്റിർ ചെയ്തത്. ഇതിൽ മുൻകൂർ ജാമ്യം ലഭിക്കുന്നതിന് കേസ് പരിഗണിച്ച ജഡ്ജിക്ക് നൽകാനെന്ന പേരിൽ 25 ലക്ഷം രൂപ അഭിഭാഷകൻ വാങ്ങിയെന്നാണ് ആരോപണം.