തിരുവനന്തപുരം : കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളജിലെ ജോലിയിൽ നിന്നും നീക്കം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
പ്രശാന്ത് ഗവണ്മെന്റ് ജീവനക്കാരൻ അല്ലെന്നും അദ്ദേഹത്തെ സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്ത് പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിക് വിഭാഗത്തിലെ താൽകാലിക ജീവനക്കാരൻ മാത്രമാണ്.
പ്രശാന്ത് ഇനി ജോലിയിൽ തുടരേണ്ട എന്നാണ് തന്റെ നിലപാട്. പ്രശാന്തിനെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതേസമയം പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്ത് ആണോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്തിനെതിരെ വകുപ്പ്തല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് നേരിട്ട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും പ്രളയസമയത്തും കോവിഡ് കാലത്തും നല്ല നിലയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നുവെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
നവീന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തനകരുടെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്