തുറവൂർ: കെട്ടിട നിർമാണ അനുമതി നൽകുന്നതിനു പണവും മദ്യവും വാങ്ങിയ ഓവർസിയർ വിജിലൻസിന്റെ പിടിയിൽ. തൈക്കാട്ടുശേരി പഞ്ചായത്ത് ഓവർസിയർ ഷാജിമോനാണ് പിടിയിലായത്. തുറവൂർ വളമംഗലം സ്വദേശിയായ സന്തോഷ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.
നാലു സെന്റ് സ്ഥലത്ത് പുതുതായി നിർമിക്കുന്ന കടമുറിക്ക് നിർമാണ അനുമതി ലഭിക്കുന്നതിന് തൈക്കാട്ടുശേരി പഞ്ചായത്തിൽ അപേക്ഷ നൽകി. പല പ്രാവശ്യം കയറി ഇറങ്ങിയെങ്കിലും അനുമതി ലഭിക്കാത്തതിനാൽ ഓവർസിയർ ആയ ഷാജിമോനെ കണ്ടു കാര്യം തിരക്കിയപ്പോൾ പണം നൽകിയാൽ അനുമതി നൽകാമെന്നു പറഞ്ഞു.
ഈ സമയം ഷാജിമോന് 2000 രൂപ കൈക്കൂലിയായി നൽകി. എന്നാൽ നിർമാണ അനുമതിക്ക് 5000 രൂപയും മദ്യവും ആവശ്യപ്പെട്ടു. ആലപ്പുഴ വിജിലൻസ് യുണിറ്റ് ഡിവൈഎസ്പി എ.കെ. വിശ്വനാഥന് ലഭിച്ച പരാതിയെത്തുടർന്ന് ഇന്നലെ വൈകുന്നേരം തുറവൂർ ജംഗ്ഷനിൽ പണവും മദ്യവുമായി എത്തിച്ചേരാൻ ആവശ്യപ്പെട്ടു.
തുറവൂർ ജഗ്ഷനു സമീപമുള്ള ബേക്കറിയിൽ കാത്തുനിന്ന സന്തോഷ്കുമാറിൽ നിന്ന് പണവും മദ്യവും ഷാജിമോൻ കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.