കോട്ടയം: കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് പാഠം. പൊതുജനം പ്രതികരിച്ചു തുടങ്ങി. ഇന്നലെ ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരി കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടിയിലായതോടെയാണ് ഇത്തരം സംഭവങ്ങളിൽ കൂടുതൽ പ്രതികരണങ്ങളുണ്ടാകുന്നത്.
കോട്ടയം തിരുനക്കര മിനി സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശിനി ബിനു ജോസാ(55) ണു രണ്ടര ലക്ഷം രൂപയുടെ സെക്യുരൂറ്റി ഡെപ്പോസിറ്റ് തുക മാറിയെടുക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായത്.
സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നൽകണമെങ്കിൽ പണം നൽകണമെന്നാവശ്യപ്പെട്ട ജീവനക്കാരിക്കെതിരെ കരാറുകാരൻ പരാതിപ്പെടുകയും തുടർന്ന് വിജിലൻസ് സംഘം ഓഫീസിലെത്തി തെളിവുകളോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കരാറുകാരൻ തുക മാറിയെടുക്കുന്നതിനായി നിരവധി തവണ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥ പണം ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയായിരുന്നു. വിജിലൻസ് നിർദേശ പ്രകാരം കരാറുകാരൻ കൈക്കൂലിത്തുക നൽകിയശേഷം ഓഫീസിൽനിന്നും പുറത്തിറങ്ങി.
തൊട്ടുപിന്നാലെ വിജിലൻസ് സംഘം അകത്ത് കയറി ഇവരെ കസ്റ്റഡിയിൽ എടുത്തു. വിജിലൻസ് എസ്പി വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. ഫിനോഫ്തലിൻ പൗഡർ പുരട്ടി വിജിലൻസ് സംഘം നൽകിയ പണവും ഇവരിൽനിന്നും കണ്ടെത്തിയിട്ടുണ്ട്.
2017 ൽ ജില്ലയിൽ അഞ്ച് ലിഫ്റ്റ് ഇറിഗേഷൻ വർക്കുകൾ പൂർത്തിയാക്കുന്നതിനായി കരാറുകാരനിൽനിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക ഈടാക്കിയിരുന്നു. വർക്ക് പൂർത്തിയായ സാഹചര്യത്തിലാണ് തുക തിരികെ നൽകുന്നതിനുള്ള നടപടിയെടുക്കണമെന്നാവശ്യവുമായി കരാറുകാരൻ ബിനുവിനെ സമീപിച്ചത്.
കൈക്കൂലി പൊതുജനത്തിനു പരാതിപ്പെടാം
സേവനങ്ങൾക്ക് കൈക്കൂലിയും പാരിതോഷികവും ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങൾക്കും പരാതി നൽകാം.
കോട്ടയം കളക്്ടറേറ്റിനു സമീപം പ്രവർത്തിക്കുന്ന വിജിലൻസ് ഓഫീസിൽ നേരിട്ടോ ഫോണ് മുഖാന്തരമോ പരാതിപ്പെടാം. പരാതി സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായി വിജിലൻസ് സൂക്ഷിക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന വിജിലൻസ് കിഴക്കൻ മേഖല ഓഫീസും കോട്ടയത്താണ്.
ജി. വിനോദ് കുമാറാണ് പോലീസ് സൂപ്രണ്ട്. ഇതു കൂടാതെ കോട്ടയം ഡെപ്യൂട്ടി സ്ൂപ്രണ്ട് ഓഫീസുമുണ്ട്. കെ. വിദ്യാധരനാണ് ഡെപ്യൂട്ടി സൂപ്രണ്ട്. ചെറുതും വലുതുമായ ഓരോ പരാതിയും കൃത്യമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചു വരുകയാണ് വിജിലൻസ്.
ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളുടെ മുന്പിലും കൈക്കൂലി വാങ്ങുന്നതും നൽകുന്നതും ശിക്ഷാർഹമാണെന്നുള്ള അറിയിപ്പും പണമോ പാരിതോഷികമോ ആവശ്യപ്പെടാൽ പരാതിപ്പെടാനായുള്ള ഫോണ്നന്പരും പ്രദർശിപ്പിച്ചിട്ടുണ്ട്.
പരാതികൾ സംബന്ധിച്ച് വിജിലൻസ് ഓഫീസിൽ രേഖാമൂലം പരാതി നൽകുകയോ 0481 2585144, 2585501 എന്ന നന്പരിൽ വിവരം അറിയിക്കുകയോ ചെയ്യാവുന്നതാണ്.