കൊച്ചി: ഡോക്ടറിൽനിന്നു കൈക്കൂലി വാങ്ങിയ കൊച്ചി കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് കൈയ്യോടെ പിടികൂടി. കോർപറേഷൻ എളംകുളം സോണൽ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി രൂപേഷാണ് (38) കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സെൻട്രൽ റേഞ്ച് വിജിലൻസിന്റെ പിടിയിലായത്. കടവന്ത്ര മുട്ടത്തുതറ ലൈനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ദന്തൽ സെപ്ഷാലിറ്റി ക്ലിനിക്കിന്റെ ഡി ആൻഡ് ഒ ലൈസൻസിനായാണ് രൂപേഷ് കൈക്കൂലി ആവശ്യപ്പെട്ടത്.
2200 രൂപയാണ് ലൈസൻസിന് ഫീസായി നൽകേണ്ടത്. ആയിരം രൂപ ഇയാൾ അധികമായി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ക്ലിനിക്ക് ഉടമയായ ഡോക്ടർ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം ഇന്നലെ രാവിലെ പത്തരയോടെ ക്ലിനിക്കിലേക്ക് എത്താൻ ഡോക്ടർ ഹെൽത്ത് ഇൻസ്പെക്ടറോടു പറഞ്ഞു.
തുടർന്ന് ഫിനോഫ്തലിൻ പുരട്ടിയ തുക ഡോക്ടറിൽനിന്നു വാങ്ങുന്നതിനിടെ വിജിലൻസ് സംഘം രൂപേഷിനെ പിടികൂടുകയായിരുന്നു. കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ കൈക്കൂലി വാങ്ങുന്നതായി നിരവധി പരാതികളുണ്ടെന്നു വിജിലൻസ് പറഞ്ഞു. രൂപേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എറണാകുളം സെൻട്രൽ റേഞ്ച് വിജിലൻസ് ഡിവൈഎസ്പി കെ.പി. ജോസ്, സിഐ വി.എ സുരേഷ്, സീനിയർ സിവിൽ പോലീസുകാരായ സാലി, സുനിൽകുമാർ, മോഹരാജ, അമിതാഭ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.