കൊണ്ടോട്ടി: ചുമട്ടുതൊഴിലാളിയിൽ നിന്നു തൊഴിൽ കാർഡ് അനുവദിക്കുന്നതിനു ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി അസിസ്റ്റന്റ് ലേബർ ഓഫീസർ മലപ്പുറം വിജിലൻസിന്റെ പിടിയിലായി. കൊണ്ടോട്ടി അസിസ്റ്റന്റ് ലേബർ ഓഫീസർ മഞ്ചേരി കാരക്കുന്ന് സ്വദേശി കൃഷ്ണൻ (52) ആണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
സിഐടിയു ചുമട്ടുതൊഴിലാളി യൂണിയൻ അരീക്കോട് ഐടിഐ യൂണിറ്റ് ട്രഷറർ അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി അബ്ദുൾ വാഹിദിൽ നിന്നു തൊഴിൽ കാർഡ് അനുവദിക്കുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. അബ്ദുൾ വാഹിദ് ഉൾപ്പടെ 14 പേർ കഴിഞ്ഞ ഫെബ്രുവരിയിലാണ് ലേബർ കാർഡ് ലഭിക്കുന്നതിനായി കൊണ്ടോട്ടി അസിസ്റ്റന്റ് ലേബർ ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്.
കാർഡ് അനുവദിക്കുന്നതിനായി ലേബർ ഓഫീസർ 15,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരനും യൂണിറ്റ് അംഗങ്ങളം ചേർന്നു 5,000 രൂപ പിരിച്ചെടുത്ത് അസിസ്റ്റന്റ് ലേബർ ഓഫീസർക്കു നൽകിയിരുന്നു. തുടർന്നു അഞ്ചു പേരുടെ ലേബർ കാർഡ് നൽകുകയും പിന്നീട് പലതവണകളായി കൃഷ്ണനെ സമീപിച്ചതിൽ മറ്റു നാലു പേരുടെ ലേബർ കാർഡുകൾ കൂടി നൽകുകയും ചെയ്തു. ശേഷിക്കുന്ന ആറു പേരുടെ കാർഡുകൾക്കായി ലേബർ ഓഫീറെ സമീപിച്ചപ്പോൾ മുന്പ് കണ്ടതു പോലെ എന്നെ കണ്ടാൽ കാർഡ് ശരിയാക്കിതരമെന്നു പറയുകയായിരുന്നു.
തുടർന്നു ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് പതിനായിരം രൂപ കൊണ്ടുവന്നാൽ കാർഡുകൾ ശരിയാക്കിതരാമെന്നു പറഞ്ഞതനുസരിച്ച് വാഹിദ് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി എ.രാമചന്ദ്രനെ സമീപിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കൊണ്ടോട്ടി ലേബർ ഓഫീസ് പരിസരത്തെത്തിയ വിജിലൻസ് സംഘം ഫിനോഫ്തലിൻ പുരട്ടിയ കറൻസി നോട്ടുകൾ പരാതിക്കാരനു നൽകുകയും പരാതിക്കാരൻ വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പൊടി പുരട്ടിയ നോട്ടുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ കൃഷണനു കൈമാറുകയും ചെയ്യുകയായിരുന്നു.
ഉടനെ വിജിലൻസ് സംഘം കൃഷണനെ പരിശോധിച്ച് ഫിനോഫ്തലിൻ പൊടി പുരട്ടിയ നോട്ടുകൾ കണ്ടെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ്് കോടതിയിൽ ഹാജരാക്കി. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പി എ.രാമചന്ദ്രനു പുറമെ ഇൻസ്പെക്ടർമാരായ എം. ഗംഗാധരൻ, എഎസ്ഐ മുഹമ്മദലി, വിജയകുമാർ, മോഹനകൃഷ്ണൻ, മോഹൻദാസ്, ശ്രീനിവാസൻ, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ ടി.ടി ഹനീഫ, ടി.മുഹമ്മദ് റഫീഖ്, പി.ദിനേശ്, ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രജിത്ത്, സിദീഖ്, സന്തോഷ്, സബീർ മുഹമ്മദ്, അബ്ദുൾ ജബാർ, വി.സി വിജേഷ്, അജിത്കുമാർ, ടി.മണികണ്ഠൻ, ജസീർ, ക്ലാർക്ക് ഹനീഫ എന്നിവരുമുണ്ടായിരുന്നു.