തിരുവല്ല: കൈക്കൂലി വാങ്ങിയ നഗരസഭാ ജീവനക്കാരനെ വിജിലൻസ് സംഘം പിടികൂടി. തിരുവല്ല നഗരസഭ എൽഎസ്ജിഡി ഓവർസിയർ നെയ്യാറ്റിൻകര സ്വദേശി കെ.അയ്യപ്പനാണ് (45) അറസ്റ്റിലായത്.കിഴക്കൻമുത്തൂർ എബനേസർ കെ.കെ.കോശിയുടെ കെട്ടിടത്തിന് പെർമിറ്റ് ലഭിക്കാനായി നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു.
കാലതാമസം വരുത്തിയശേഷം കെട്ടിടത്തിന് അനുമതി നൽകാനായി ഓവർസിയർ അയ്യപ്പൻ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് കോശിയുടെ ബന്ധു രാജു, പത്തനംതിട്ട വിജിലൻസ് ഓഫീസിൽ പരാതി നൽകി. അവിടെനിന്നും ലഭിച്ച അഞ്ഞൂറ് രൂപയുടെ നാല് നോട്ടുകളുമായി രാജു ബുധനാഴ്ച ഉച്ചകഴിഞ്ഞ് നഗരസഭ ഓഫീസിലെത്തി അയ്യപ്പന് കൈമാറുകയായിരുന്നു. ഉടനെ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം പരിശോധന നടത്തി അയ്യപ്പനെ പിടികൂടി.
തുടർന്ന് എൻജിനിയറിംഗ് വിഭാഗത്തിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം ഫയലുകൾ പിടിച്ചെടുത്തു.
വിജിലൻസ് ഡിവൈഎസ്പി പി.ഡി.ശശി, സിഐ മുഹമ്മദ് ഇസ്മയിൽ, എഎസ്ഐമാരായ അജികുമാർ, രാധാകൃഷ്ണൻ, അനിൽ, ശ്രീകുമാർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.