മുക്കം: മൂന്ന് ക്വാറികളുടെ പരിസ്ഥിതി അനുമതിക്കായി കൈവശാവകാശ രേഖ നൽകാൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി രാരോത്ത് സ്പെഷൽ വില്ലേജ് ഓഫീസർ ബഷീറിന്റെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി. മുക്കം നോർത്ത് കാരശേരിയിലെ വീട്ടിലാണ് വിജിലൻസ് സംഘം റെയ്ഡ് നടത്തിയത്.
റെയ്ഡിൽ വിലപ്പെട്ട പല രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ക്വാറി തുടങ്ങുന്നതിന് കൈവശാവകാശ രേഖ നൽകുന്നതിന് 15 ലക്ഷം രൂപ താമരശ്ശേരി സ്വദേശി ശിവകുമാറിനോട് കൈകൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ബഷീറിനെ ഇന്നലെ രാവിലെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരുന്നു .ആദ്യ ഗഡുവായി 50000 രൂപ ഓഫീസിലെത്തിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്നും പണം വേണ്ടി വരുമെന്ന് പറഞ്ഞതോടെ ശിവകുമാർ വിജിലൻസിൽ പരാതി നൽകി.
ഓഫീസിലെത്തി അൻപതിനായിരം രൂപ നൽകിയതിന് പിന്നാലെയാണ് ബഷീറിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം വിവിധ വകുപ്പുകളനുസരിച്ച് കേസെടുക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു. കൈക്കൂലി നൽകാൻ തയ്യാറായില്ലെങ്കിൽ ക്വറിയിൽ പങ്കാളിത്തം നൽകിയാലും മതിയെന്ന് അറിയിച്ചതായും പരാതിരകാരൻ വ്യക്തമാക്കി.ഡിവൈഎസ്പി സാബുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തത്.