തിരുവന്തപുരം: പഴം, പച്ചക്കറി കടയ്ക്കു ലൈസൻസിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.
കോർപറേഷൻ ജഗതി സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ ചെന്പഴന്തി സ്വദേശി സി.ശ്രീകുമാരനാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
തൈക്കാട് സ്വദേശിയായ ജോൺ വഴുതക്കാട് ജംഗ്ഷന് സമീപം പഴം, പച്ചക്കറി കടയ്ക്ക് ലൈസൻസിനുള്ള അപേക്ഷ നൽകിയശേഷം കട തുടങ്ങിയിരുന്നു.
തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീകുമാരൻ ലൈസൻസ് ഇല്ലാത്തതിനാൽ സ്ഥാപനത്തിലെത്തി നോട്ടീസ് നൽകി കട അടപ്പിക്കാൻ ശ്രമിച്ചു.
ലൈസൻസിനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ അപേക്ഷ കാണുന്നില്ലെന്നും ഒരിക്കൽകൂടി അപേക്ഷിക്കാനും ആവശ്യപ്പെട്ടു.
വീണ്ടും അപേക്ഷ നൽകിയതിനെതുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാരൻ കഴിഞ്ഞ രണ്ടിനു സ്ഥാപനത്തിലെത്തി പരിശോധന നടത്തി.
കോർപ്പറേഷനിൽ 1000 രൂപാ അടയ്ക്കണമെന്നും കൂടാതെ 2000 രൂപാ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു.കൈക്കൂലി കൊടുക്കാത്തതിനെ തുടർന്ന് പരാതിക്കാരന്റെ ഭാര്യയുടെ ഫോണിൽ വിളിച്ച് പണം ചോദിച്ചു.
തുടർന്ന് പരാതിക്കാരൻ കഴിഞ്ഞ ശനിയാഴ്ച ഓഫീസിലെത്തി പണം സംഘടിപ്പിച്ചുതരാം എന്നറിയിച്ചതിനെതുടർന്ന് അപേക്ഷയിൽ തുടർ നടപടി സ്വീകരിച്ചു. കൈക്കൂലിയുമായി ഇന്നലെ വരാൻ ആവശ്യപ്പെട്ടു.
പരാതിക്കാരൻ ഈവിവരം തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്പി വിനോദ്കുമാറിനെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസിനകത്തുവച്ച് ജോണിൽ നിന്ന് 2000രൂപ കൈക്കൂലി വാങ്ങി.
പരാതിക്കാരൻ വിഷമം വീണ്ടും പറഞ്ഞതിനെ തുടർന്ന് 1000രൂപാ തിരികെ നൽകി. തുടർന്ന് ശ്രീകുമാരന്റെ കൈയിൽ നിന്നും 1000 രൂപ പിടിച്ചെടുക്കുകയായിരുന്നു.
ഇൻസ്പെക്ടമാരായ ഷാജ്കുമാർ, സനൽകുമാർ എസ്ഐമാരായ സുരേഷ്കുമാർ, അജിത്ത്കുമാർ, ഷെഹിർഷ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.